കുന്നംകുളം: ജില്ലയിലെ മികച്ച വിദ്യാർഥി പച്ചക്കറി കർഷകനുള്ള അവാർഡ് നേടിയ പെരുന്പിലാവ് ടി.എം. ഹൈസ്കൂളിലെ അതുൽകൃഷ്ണയുടെ അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കാൻ ജയിലിൽ കഴിയുന്ന സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം എം. ബാലാജിക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതി.
പച്ചക്കറി കൃഷി രംഗത്ത് ഏറെ അവാർഡുകൾ നേടിയ ആളാണ് മുൻ ഏരിയാ സെക്രട്ടറി കൂടിയായ എം. ബാലാജി. അച്ഛന്റെ വഴിയെ മകനും കാർഷികവൃത്തിയിൽ കഴിവ് തെളിയിക്കുകയും വീട്ടിലും മറ്റും പച്ചക്കറികൃഷിയിൽ സജീവമായി ഇടപെടുകയും ചെയ്തു.
പനഠനത്തോടൊപ്പം നടത്തിയ പച്ചക്കറി കൃഷിയിലൂടെ അതുൽ കൃഷ്ണ മികച്ച വിളവും സ്വന്തമാക്കി. ഇതാണ് ജില്ലയിലെ മികച്ച കർഷക വിദ്യാർഥിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ സാധിച്ചത്. എന്നാൽ തടവിന് ശിക്ഷക്കപ്പെട്ട് എം. ബാലാജി ഇപ്പോൾ കണ്ണൂർ ജയിലിലാണ്. അച്ഛനിൽനിന്നും സ്വായത്തമാക്കിയ കാർഷിക അറിവ് പ്രായോഗികമായി നടപ്പിൽ വരുത്തി.
മികച്ച കുട്ടി കർഷകനായ അതുലിനെ ആദരിക്കുന്ന ചടങ്ങിൽ പങ്കുകൊള്ളുകയെന്ന സ്വപ്നത്തോടെയാണ് ബാലാജി പ്രത്യേക പരോളനായി ഹൈക്കോടതിയെ സമീപിച്ചത്. നാളെ തൃശൂരിൽവച്ചാണ് പുരസ്കാര സമർപ്പണ ചടങ്ങ്. ഇതിൽ പങ്കെടുക്കുന്നതിനായി മൂന്നുദിവസത്തെ പരോളാണ് ബാലാജിക്ക് അനുവദിച്ചിട്ടുള്ളത്.
അവാർഡിനുപരി ഇത് വാങ്ങിക്കുന്ന ചടങ്ങിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛന്റെ സാന്നിധ്യംകൂടി ഉള്ളതിന്റെ ഇരട്ടി സന്തോഷത്തിലാണ് അതുൽകൃഷ്ണ.