വൈക്കം: വൈക്കം വെസ്റ്റ് ഗവ. ഹൈസ്കൂളിലെ വിദ്യാർഥികളുടെ കൃഷിയിലെ മികവിനു ഇക്കുറിയും ജില്ലാതല പുരസ്കാരം. പച്ചക്കറി കൃഷിയിൽ ജില്ലാതലത്തിൽ കഴിഞ്ഞ വർഷവും വൈക്കം വെസ്റ്റിനായിരുന്നു അവാർഡ്. കൃഷിയോട് ആഭിമുഖ്യമുള്ള 50 വിദ്യാർഥികൾ ഉൾപ്പെട്ട ഹരിത ക്ലബാണ് സ്കൂൾ കൃഷിക്ക് മേൽനോട്ടം വഹിക്കുന്നത്. സ്കൂൾ തുറക്കുന്ന സമയത്ത് തന്നെ കൃഷിയ്ക്കായുള്ള പണികൾ വിദ്യാർഥികൾ തുടങ്ങും.
സ്കൂൾ വളപ്പിലെ മൂന്നേക്കർ സ്ഥലത്തെ കൃഷിയെ ശാസ്ത്രീയവും നൂതനവുമാക്കി വിദ്യാർഥികൾക്ക് കരുത്തു പകരുന്നത് വൈക്കം കൃഷിഭവനിലെ കൃഷി ഓഫീസർ എൻ.അനിൽകുമാറും അസിസ്റ്റന്റ് കൃഷി ഓഫീസർ മെയ്സണ്‍ മുരളിയുമാണെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി പറയുന്നു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഷരഹിതമായ പച്ചക്കറി ഉപയോഗിക്കണമെന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും താൽപ്പര്യമാണ് സ്കൂൾ വളപ്പിനെ കൃഷിത്തോട്ടമാക്കി മാറ്റിയത്.
പച്ചക്കറി കൃഷിയിലെ മികച്ച വിജയത്തെ തുടർന്ന് വിദ്യാർഥികൾ കരനെൽകൃഷിയും മരച്ചീനി കൃഷിയും ആരംഭിച്ചു. കൃഷിയിലെ നുറു മേനി പഠനത്തിലും സ്കൂൾ നിലനിർത്തുന്നുണ്ട്. ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എ. ശ്രീകുമാരി, അധ്യാപകർ എന്നിവരുടെ ഏകോപനത്തോടുള്ള പ്രവർത്തനമാണ് പഠനത്തിലും കൃഷിയിലും വിജയം കൊയ്യാൻ സ്കൂളിനെ പ്രാപ്തമാക്കുന്നത്.
കഴിഞ്ഞവർഷം സ്കൂൾ വളപ്പിനെ ജൈവകൃഷി തോട്ടമാക്കിമാറ്റി മാതൃകാപരമായ നേട്ടം കൈവരിച്ചത് മുൻനിർത്തി മികച്ചസ്ഥാപന മേധാവിക്കുള്ള അവാർഡ് കഴിഞ്ഞ തവണ സ്കൂൾ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതിക്കായിരുന്നു. ഇത്തവണ കാർഷിക ആഭിമുഖ്യം പുലർത്തുന്ന അധ്യാപികയ്ക്കുള്ള അവാർഡ് വൈക്കം വെസ്റ്റിലെ കുട്ടികളുടെ കൃഷിക്ക് പ്രേരണയും പിന്തുണയുമായി ഒപ്പം നിൽക്കുന്ന സ്കൂളിലെ അധ്യാപിക ജോയ്സ് റോസ് തോമസിനാണ്.
വൈക്കം വെസ്റ്റിലെ അടക്കം സ്കൂളുകളിലെ കൃഷിക്കായി നൽകിയ പ്രോൽസാഹനവും നഗരത്തെ ഹരിതാഭമാക്കുന്നതിൽ പ്രതിബദ്ധതയോടെ പ്രവർത്തിച്ച വൈക്കം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് മെയ്സണ്‍ മുരളി ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്കാരം നേടി. ജലസമൃദ്ധമായ വൈക്കത്ത് കാർഷിക സംസ്കാരം വീണ്ടെടുക്കാൻ നേതൃത്വപരമായ പങ്കുവഹിക്കുന്ന വൈക്കം ബ്ലോക്കിനു ഇതുൾപ്പടെ ലഭിച്ചത് ആറ് അവാർഡുകളാണ്.