തിരുവനന്തപുരം: കൃഷിവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾ നിർമിക്കുന്ന ജ്യൂസും ചമ്മന്തിപ്പൊടിയും ചിപ്സും വെളിച്ചെണ്ണയുമൊക്കെ മുഖം മിനുക്കുന്നു. വിപണി പിടിച്ചടക്കാനായി ഗുണമേന്മയിൽ തെല്ലും കുറവു വരുത്താതെ ഇവയെല്ലാം രാജ്യാന്തര നിലവാരത്തിലുള്ള ആകർഷകമായ പാക്കറ്റുകളിലേക്കു മാറ്റുകയാണ്. ഇതിനുള്ള പ്രാഥമിക നടപടികൾക്ക് ഇന്നു തുടക്കമാകും.
സംസ്ഥാന കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ ഭക്ഷ്യ ഉത്പന്നങ്ങൾ പുറത്തിറക്കുന്നുണ്ടെങ്കിലും വിപണി പിടിച്ചടക്കാൻ ഇവയ്ക്കു സാധിക്കുന്നില്ല. ഗുണമേന്മയിൽ ഏറെ മുന്നിലുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളെ കടത്തി വെട്ടി ഗുണമേന്മ തൊട്ടുതീണ്ടാത്ത സ്വകാര്യ സ്ഥാപനങ്ങളുടെ ഇത്തരം ഉത്പന്നങ്ങൾ വിപണി കൈയടക്കുകയാണ്.
വിപണി പിടിച്ചടക്കുന്നതിനായി കൃഷിവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും കാർഷിക സർവകലാശാലയുടെയും ഉത്പന്നങ്ങൾ ആകർഷകമായ പാക്കറ്റുകളിലേക്കു മാറ്റും. ഇത്തരം ഉത്പന്നങ്ങളുടെ പാക്കറ്റുകൾ രാജ്യാന്തര നിലവാരത്തിൽ രൂപകല്പന ചെയ്യുന്നതിനായി മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ഡയറക്ടർ ഡോ. തൻവീർ ആലം ഇന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാറടക്കമുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞദിവസങ്ങളിൽ തൃശൂരിൽ നടന്ന വൈഗ കാർഷിക പ്രദർശനത്തിൽ പങ്കെടുത്ത ഡോ. തൻവീർ ആലം ഇക്കാര്യത്തിൽ ആദ്യവട്ട കൂടിയാലോചനകൾ നടത്തിയിരുന്നു. കൃഷിവകുപ്പിന്റെ ഉത്പന്നങ്ങൾ ഗുണമേന്മയുള്ളവയാണെങ്കിലും വിപണിയിൽ ചലനം സൃഷ്ടിക്കാത്തത് അനാകർഷകമായ പാക്കിംഗ് മൂലമാണെന്നു വൈഗ പ്രദർശനത്തിനെത്തിയ തെലുങ്കാന കൃഷിമന്ത്രിയും പറഞ്ഞിരുന്നു. തുടർന്നു ചേർന്ന അവലോകന യോഗത്തിൽ ആകർഷകമായ പാക്കിംഗിലേക്കു നീങ്ങാൻ മന്ത്രി വി.എസ്. സുനിൽകുമാർ തീരുമാനിക്കുകയായിരുന്നു.
കാർഷിക സർവകലാശാല, കേരഫെഡ്, ഹോർട്ടികോപ്, വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിംഗ് കന്പനി, കെയ്കോ, റെയ്ഡ്കോ, അട്ടപ്പാടി മില്ലറ്റ് വില്ലേജ്, പാലക്കാട് ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാം തുടങ്ങിയവയുടെ ജ്യൂസും ഭക്ഷ്യോത്പന്നങ്ങളും നിലവിൽ വിപണിയിലുണ്ട്. പ്ലാന്റേഷൻ കോർപറേഷന്റെ കുരുമുളകും കറുവപ്പട്ടയും എണ്ണകളുമൊക്കെ ആകർഷകമായ പാക്കിംഗിലേക്കു മാറും. പ്ലാസ്റ്റിക് കവറുകളിലെത്തുന്ന ഇവയിൽ മിക്കതും പ്ലാസ്റ്റിക് നിരോധന സമയത്ത് ആകർഷകമായ മറ്റു രാജ്യാന്തര പാക്കറ്റുകളിലേക്കു മാറും.
കെ. ഇന്ദ്രജിത്ത്