മംഗലംഡാം: കാർഷിക രംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന മംഗലംഡാം സെന്റ് സേവിയേഴ്സ് ഫൊറോന വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉൗണുമേശയിലും അടുക്കള സ്ലാബിലും ഫ്രിഡ്ജിനു മുകളിലുമെല്ലാം കൃഷിയിറക്കി വീണ്ടും കർഷകരെ അന്പരപ്പിക്കുന്നു. ചെറിയാനച്ചന്റെ പുതിയ കൃഷിക്ക് മണ്ണോ പ്രത്യേകിച്ച് സ്ഥലമോ വേണ്ട.
ഒരു പ്ലാസ്റ്റിക് ട്രേയും കുറച്ച് കടലാസ് കഷണങ്ങളും ടിഷ്യു പേപ്പറും മതി. ഒരാഴ്ചക്കുള്ളിൽ പച്ചക്കറി വിളവെടുപ്പ് നടത്താം. ചീരയും ചെറുപയറുമാണ് ഇത്തരത്തിൽ വിളയിച്ച് കർഷകരേയും അമ്മമാരേയും വിസ്മയിപ്പിക്കുന്നത്. കൃഷിരീതി ഇങ്ങനെ:
പ്ലാസ്റ്റിക് ട്രേയിൽ ന്യൂസ് പേപ്പർ കഷണങ്ങൾ നിരത്തിയിടുക. സ്പ്രെയർ വഴി വെളളം നനയ്ക്കണം. ഒരു ലെയർ ടിഷ്യു പേപ്പറും തുണ്ടുകളാക്കി നിരത്തിയിടുക. ചെറുപയർ തലേന്ന് വെള്ളത്തിലിട്ട് തുണിയിൽ കിഴിയാക്കി പൊതിഞ്ഞ് വെക്കുക.
24 മണിക്കൂർ കഴിഞ്ഞ് മുള പൊട്ടി വേരുകൾ വന്ന ചെറുപയർ ട്രേയുടെ വലുപ്പമനുസരിച്ച് വിതറുക. ഇടക്കിടെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം.
വിത്തുകൾക്ക് സ്ഥാനചലനം വരാതിരിക്കാനാണ് സ്പ്രേ വേണമെന്ന് പറയുന്നത്.നാല് ദിവസം കൊണ്ട് ഇലകൾ വരും. ആറ് ദിവസത്തിനുള്ളിൽ നാല് ഇലകൾ വന്ന് പയർ ചെടി വലുതാകും. പകൽ സമയം കുറച്ച് സമയം ട്രേ ഇളക്കാതെ വെയിൽ കൊള്ളിച്ചാൽ നല്ലത്.
ഒരാഴ്ചക്കുള്ളിൽ വേരോടെ പിഴുതെടുത്ത് ചെറുപയർ ചെടികൾ കൊണ്ട് സ്വാദിഷ്ടമായ ഇലക്കറി വെക്കാം. വൈറ്റമിൻ ഉള്ള വിഷാംശം ഒട്ടുമില്ലാത്ത പണം ലാഭിക്കാവുന്ന ഏറ്റവും എളുപ്പമായ കൃഷിയാണിതെന്ന് ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ അവകാശപ്പെട്ടു.
ഉൗണുമേശക്കും അടുക്കളക്കും അലങ്കാരമാകുന്നതിനൊപ്പം ഒരു ചെടിയുടെ വളർച്ചാകാലഘട്ടങ്ങൾ വീട്ടിനുള്ളിൽ അടുത്തിരുന്ന് ആസ്വദിക്കാനും ഇതുവഴി കൃഷിയിൽ താല്പര്യം ഉണ്ടാക്കാനും സാധിക്കുമെന്ന് ഫാ.ചെറിയാൻ പറഞ്ഞു.
കുട്ടികൾക്കെല്ലാം ഏറേ കൗതുകകരമായ കാഴ്ച കൂടിയാണിത്. എന്തായാലും മംഗലംഡാം ഇടവകയിലെ മിക്കവാറും എല്ലാ വീടുകളിലേയും മേശപ്പുറത്തിപ്പോൾ ചെറുപയർ കൃഷിയാണ്. ലോക്ക് ഡൗണിൽ വിരുന്നുകാരൊന്നും ഇല്ലാത്തതിനാൽ ഉൗണുമേശക്ക് കുറച്ച് സ്ഥലം കുറഞ്ഞാലും കുഴപ്പവുമില്ല.