ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : കര്‍ഷക പുരസ്കാര ജേതാവായ അപ്പൂപ്പന്റെ പാത പിന്തുടര്‍ന്ന ഗോകുല്‍കൃഷ്ണ സംസ്ഥാനത്തെ മികച്ച ബാലകര്‍ഷകന്‍ .
നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ബാലരാമപുരം വടക്കേവിള ശ്രീഗോകുലത്തില്‍ ഗോപകുമാറിന്റെയും ആശയുടെയും മകന് ജി.എ. ഗോകുല്‍കൃഷ്ണ നാലാം വയസില്‍ അപ്പൂപ്പന് കൃഷ്ണന്നാടാരാടൊപ്പമാണ് കൃഷിയിടത്തില്‍ ഇറങ്ങുന്നത്.
വിവിധയിനം മുല്ലക്കൃഷി ചെയ്തിരുന്ന കൃഷ്ണന്നാടാര്ക്ക് പുരസ്കാരം ലഭിച്ചതും ആ വിഭാഗത്തില്‍ തന്നെയാണ്. വീടിനോടു ചേര്‍ന്ന് ഒരേക്കറിലാണ് ഗോകുലിന്റെ കൃഷി.
വാഴയും ചേനയും ചേന്പും കിഴങ്ങുവര്‍ഗങ്ങളും മുളക്, വഴുതന, കത്രിക്ക , പാവല്‍ , പടവലങ്ങ, ചീര മുതലായ പച്ചക്കറികളും ഉള്‍പ്പെട്ടതാണ് കൃഷിയിടം.
ഔഷധസസ്യച്ചെടികളുടെ തോട്ടം കൂടാതെ മണ്ണിര കന്പോസ്റ്റ് സംവിധാനവും മത്സ്യക്കൃഷിയും തേനീച്ച വളര്‍ത്തലും ആട്, കോഴി മുതലായവയും ഇവിടെയുണ്ട്.
പഠനശേഷമുള്ള ഒഴിവുവേളകളിലെല്ലാം ഗോകുല്‍ കൃഷിയിടത്തിലായിരിക്കും. ഭാവിയില്‍ കൃഷി ശാസ്ത്രജ്ഞന് ആകുക എന്നതാണ് ഗോകുലിന്റെ ലക്ഷ്യം.
തന്റെ കൃഷിയിടത്തിലെ വിളവുകള്‍ സമീപ വീടുകളിലും കാര്‍ഷിക വിപണിയിലും വിത്തുകള്‍ പായ്ക്കറ്റുകളിലാക്കി ഓണ്‍ലൈനായും നല്‍കുന്നുണ്ട്.
ലോക്ഡൗണ്‍ കാലത്താണ് കൂടുതല്‍ നേരം കൃഷിയിടത്തില്‍ ശ്രദ്ധിക്കാനായതെന്ന് ഗോകുല്‍ പറഞ്ഞു. പള്ളിച്ചല്‍ പഞ്ചായത്ത് കൃഷി ഭവനിലെ ഓഫീസര്‍ രമേഷ് കുമാറിന്റെയും തന്റെ മാതാപിതാക്കളുടെയും പ്രോത്സാഹനവും അനുജന് ഗൗതം കൃഷ്ണയുടെ സഹായവും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതായും ഈ ബാലകര്‍ഷകന്‍ പറയുന്നു.
കര്‍ഷക പുരസ്കാരം നേടിയ ഗോകുലിനെ സ്കൂള്‍ പ്രിന്‍സിപ്പൽ എസ്.കെ. അനില്‍കുമാര്‍ , ഹെഡ്മിസ്ട്രസ് ശ്രീകല എന്നിവര്‍ അനുമോദിച്ചു.