മാന്നാര്: കാലാവസ്ഥയെ കുറ്റം പറഞ്ഞ് കൃഷിയെ അകറ്റി നിര്ത്തരുതെന്ന് ഒരിക്കല്ക്കൂടി തെളിയിച്ചിരിക്കുകയാണ് ഡോ. രഘുനാഥന് നായര്. എല്ലാ കാലാവസ്ഥകളിലും എല്ലാ പച്ചക്കറികളും വിളയിക്കാന് കഴിയുമെന്നാണ് ഈ ജൈവകര്ഷകന് പറയുന്നത്. ശീതകാലാവസ്ഥയിലേ വളരുകയുള്ളൂവെന്ന് കരുതുന്ന കാബേജ് മട്ടുപ്പാവില് കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരിക്കുകയാണ് രഘുനാഥന്.
കൃഷിരംഗത്ത് നിരവധി അംഗികാരങ്ങള് നേടിയിട്ടുള്ള ഹോമിയോ ഡോക്ടര് കൂടിയായ രഘുനാഥന് നായര്ക്ക് കൃഷി ജീവിതചര്യയുടെ ഭാഗം കൂടിയാണ്. കാബേജ് വിത്ത് ഓണ്ലൈനിലൂടെയാണ് വരുത്തിയത്. ഇവ ചെറിയ ട്രേയില് ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ നിറച്ച് വിത്തുകള് പാകി മുളപ്പിക്കും. തുടര്ന്ന് ഗ്രോബാഗില് നടും. ജൈവവളങ്ങളാണ് വളര്ച്ചക്കായി ഇട്ടുകൊടുക്കുന്നത്.
ചാണകപ്പൊടി, കോഴികാഷ്ടം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിള് പിണ്ണാക്ക് എന്നിവ ഒരു പ്രത്യേക അനുപാതത്തില് യോജിപ്പിച്ചാണ് ജൈവവളം നിര്മിക്കുന്നത്. കൂടാതെ പിണ്ണാക്ക് പുളിപ്പിച്ചതും ഒഴിച്ചുകൊടുക്കും. കീടങ്ങളില്നിന്ന് സംരക്ഷിക്കാന് ജൈവ കീടനാശിനിയാണ് ഉപയോഗിക്കുന്നത്. 26 ഇലകള് ചേര്ത്തുണ്ടാക്കിയ കീടകഷായമാണ് തളിക്കുന്നത്.
ജൈവവളവും ജൈവ കീടനാശിനിയും ഉപയോഗിക്കുന്നതിനാല് വിഷരഹിതമായ കാബേജാണ് വിളവെടുത്തത്. കാബേജ് കൂടാതെ പയറ്, കോവല്, വെണ്ട, ചുവന്ന കാബേജ് കോളിഫ്ളവര് തുടങ്ങി മറ്റ് എല്ലാ കൃഷികളും ചെയ്യുന്നുണ്ട്.
പരുമലയില് പ്രവര്ത്തിക്കുന്ന കര്ഷകന്റെ കട എന്ന സ്ഥാപനത്തിലൂടെ ഇവടെ വിളവെടുക്കുന്ന പച്ചക്കറികള് വിതരണം ചെയ്യുന്നത്. കൂടാതെ കര്ഷകര്ക്ക് ഗുണമേന്മയുള്ള പച്ചക്കറി തൈ, പച്ചക്കറി വിത്തുകള് എന്നിവയും നല്കി വരുന്നു.
- ഡൊമിനിക് ജോസഫ്