പുൽപ്പള്ളി: അപൂർവയിനങ്ങളിലുള്ള പഴവർഗങ്ങളുൾപ്പടെ കൃഷി ചെയ്ത് കൃഷിയെ പ്രണയിച്ച് മാത്യകയാവുകയാണ് പുൽപ്പള്ളി ചെറ്റപ്പാലത്തെ റിട്ടയേഡ് കേണൽ മടക്കിയാങ്കൽ ജെയിംസ്. ആകാശവെള്ളരി മുതൽ റൊളിനോ വരെ നീളുന്ന ഫലവൃക്ഷസമൃദ്ധമായ ഒരു കൃഷിയിടമാണ് കേണലിന്റേത്.
വിദേശയിനങ്ങളടക്കമുള്ള നൂറോളം ഫലവൃക്ഷങ്ങൾ, വ്യത്യസ്തയിനം കോഴികൾ, വെച്ചൂർ, കാസർഗോഡൻ പശുക്കൾ, വിവിധയിനം മത്സ്യങ്ങൾ എന്നിങ്ങനെയാണ് ഈ കൃഷിയിടത്തിലുള്ളത്. കൃഷിയിടവും ഫാമും ഒരു പോലെ വ്യത്യസ്തയുള്ളതാണ്.
ഇരുപതാം വയസിൽ പട്ടാളത്തിലെത്തിയ ജെയിംസ് 37 വർഷത്തെ സർവീസിന് ശേഷമാണ് കരസേനയിൽ നിന്നും ലഫ്റ്റനന്റ് കേണലായി വിരമിച്ചത്. വർഷങ്ങളായി മനസിൽ സൂക്ഷിച്ച കൃഷി ആഗ്രഹങ്ങൾ ചെറ്റപ്പാലത്ത് ഭൂമി വാങ്ങി ആ മണ്ണിൽ വിളയിക്കുകയാണ് കേണൽ.
ഓരോ സംസ്ഥാനങ്ങളിലേക്ക് ട്രാൻഫറായി പോകുന്പോഴും താഴത്തെ നിലയിൽ ക്വാട്ടേഴ്സ് ലഭിക്കാൻ പ്രത്യേകം ശ്രമിക്കുമായിരുന്നു. ഒട്ടുമിക്ക ക്വാട്ടേഴ്സിനോടും റസിഡൻഷ്യൽ ഹൗസിനോടും ചേർന്ന് അക്കാലത്ത് ധാരാളമായി പച്ചക്കറി നട്ടുപരിപാലിച്ചിരുന്നു.
സർവീസിൽ നിന്നും 2015 ജനുവരിയിൽ വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് കടന്നപ്പോഴാണ് കാർഷികവൃത്തിയിലേക്ക് കടക്കുകയെന്ന ജെയിംസിന്റെ ആഗ്രഹം പൂർണതയിലെത്തിയത്. പുൽപ്പള്ളിയിൽ സ്ഥലം വാങ്ങി മുഴുവൻസമയ കർഷകനായി മാറിയ കേണലിന്റെ തോട്ടം ആർക്കും മാതൃകയാക്കാവുന്ന ഒന്നാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ നഴ്സറികളിൽ നിന്നാണ് വിദേശയിനങ്ങളടങ്ങുന്ന ഫലവൃക്ഷങ്ങളുടെ നീണ്ടനിര തന്നെ ജെയിംസ് സ്വന്തം തോട്ടത്തിലെത്തിച്ചത്. ബ്ലാക്ക്ബെറി, ബട്ടർഫ്രൂട്ട്, വെൽവെറ്റ് ആപ്പിൾ, ഒലിവ്, ബിയർ ആപ്പിൾ, പീർ, സ്ട്രോബറി, മൾബറി, സ്റ്റാർഫ്രൂട്ട്, കിവി, ചെറി, വാട്ടർ ആപ്പിൾ, ചെനീസ് ഓറഞ്ച്, പാഷൻഫ്രൂട്ട്, റന്പൂട്ടാൻ, ലിച്ചി, അഹിയു, ലോകട്ട്, നേപ്പാൾ ലമണ്, വിവിധയിനം മുന്തിരികൾ, മിറാക്കിൾ ഫ്രൂട്ട്, എഗ്ഫ്രൂട്ട്, പീച്ച്, വിവിധയിനം സപ്പോട്ടകൾ, വിവിധയിനം പേരകൾ, പപ്പായകൾ, ചാന്പ, മാതളം എന്നിങ്ങനെ പോകുന്നു ജെയിംസിന്റെ തോട്ടത്തിലെ ഫലവൃക്ഷങ്ങൾ. ആറിനത്തിൽപ്പെട്ടവ ഇതിനകം തന്നെ കായ്ച്ചുകഴിഞ്ഞു. ഒട്ടേറെയെണ്ണം പൂവിട്ട അവസ്ഥയിലാണ്.
മൂന്ന് വർഷത്തിനിടയിൽ കായ്ക്കുന്ന മറ്റിനങ്ങളും ഇവിടെ നിരവധിയുണ്ട്. വിദേശരാജ്യങ്ങളിൽ കണ്ടുവരാറുള്ള ഫലവൃക്ഷങ്ങൾക്ക് പോലും വളരാനും കായ്ക്കാനുമുള്ള കാലാവസ്ഥയും അന്തരീക്ഷവും ജില്ലയിലുണ്ടെന്നാണ് കേണൽ പറയുന്നത്. അതിന് ഉദ്ദാഹരണമാണ് റൊളിനോ അടക്കമുള്ള ഫലങ്ങൾ ഇവിടെ വിളഞ്ഞതെന്നും കേണൽ പറയുന്നു.
പൂർണമായും ജൈവ രീതിയിലാണ് കേണലിന്റെ കൃഷിരീതി. കേണലിന്റെ കൃഷിരീതി കേട്ടറിഞ്ഞ് നിരവധി കർഷകരാണ് കൃഷിയിടം സന്ദർശിക്കാനെത്തുന്നത്. ഈ കൃഷികൾക്ക് പുറമെ കുരുമുളക്, കാപ്പി, കമുക്, തെങ്ങ്, ഏലം, ഇഞ്ചി, ചേന, ചേന്പ്, കാച്ചിൽ ഉൾപ്പടെയുള്ള കൃഷികളും ഈ കൃഷിയിടത്തിലുണ്ട്. ഭാര്യ ലീലാമ്മ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.