വെള്ളിക്കുളങ്ങര: വിഘടനാവാദികളും, പ്രതിക്രിയ വാദികളും തമ്മിൽ പ്രഥമ ദൃഷ്ഠ്യാ അകൽച്ചയിലാരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നെന്നുവേണം കരുതാൻ… സന്ദേശം സിനിമയിലെ ശങ്കരാടിയുടെ പ്രശസ്തമായ ഡയലോഗ് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഏതാണ്ട് ഇതുപോലെയാണ് മറ്റത്തൂരിലെ പഞ്ചായത്തിലെ ജനപ്രതിനിധികൾ. രാഷ്ട്രീയത്തിൽ രണ്ടു ധ്രൂവങ്ങളിലായിരുന്നെങ്കിലും ഒരേക്കറിലെ കൃഷിഭൂമിയിൽ ഇവരുടെ ലക്ഷ്യവും, അധ്വാനവും ഒരേ മനസാണ്.
പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള 23 അംഗങ്ങളും ചേർന്ന് മോനൊടിയിലെ ഒരേക്കർ പാടത്ത് മുണ്ടകൻ കൃഷിയിറക്കിയിരിക്കയാണ്.കക്ഷിരാഷ്ട്രീയവും ഭരണ പ്രതിപക്ഷ ഭേദവും മറന്നാണ് ജനപ്രതിനിധികൾ ഒന്നിച്ച് നെൽകൃഷി ചെയ്യുന്നത്. പഞ്ചായത്തിലുള്ള മോനൊടി പാടശേഖരത്ത് വർഷങ്ങളായി തരിശുകിടന്ന 12 ഏക്കറിൽ ഒരേക്കർ നിലമാണ് പാട്ടിനെടുത്ത് പഞ്ചായത്തംഗങ്ങൾ നെൽകൃഷി ചെയ്യുന്നത്.
ബാക്കി പതിനൊന്നേക്കറിൽ കാർഷിക കർമ്മസേനയാണ് കൃഷിയിറക്കുന്നത്. ഞാറുനട്ടു. അരക്കൊപ്പം താഴുന്നതിനാൽ തൊഴിലാളികൾ പോലും ഇറങ്ങാൻ മടിക്കുന്ന കണ്ടത്തിലിറങ്ങിയാണ് വനിതകളടക്കമുള്ള പഞ്ചായത്തംഗങ്ങൾ വ്യാഴാഴ്ച നടീൽ നടത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്.പ്രശാന്ത്, ഷീല തിലകൻ, അംഗങ്ങളായ ജോയ് കാവുങ്ങൽ, പി.എസ്.അംബുജാക്ഷൻ, ഷീലവിപിനചന്ദ്രൻ എന്നിവരാണ് ഞാറുമായി പാടത്തിറങ്ങിയത്.
അംഗങ്ങളായ മോളി തോമസ്, എ.കെ.പുഷ്പാകരൻ, ശ്രീധരൻ കളരിക്കൽ, ഷീബ വർഗീസ് തുടങ്ങിയവർ ഇവർ പിന്തുണയും പ്രോത്സാഹനവുമായി ഉണ്ടായിരുന്നു. സുഖമില്ലാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന് ഞാറുനടാൻ എത്താനായില്ല. കൃഷിയുടെ തുടർന്നുള്ള പരിപാലത്തിൽ പ്രസിഡന്റും പങ്കാളിയാകും. കാർഷിക കർമ്മസേനയും തൊഴിലുറപ്പു തൊഴിലാളികളും ചേർന്ന് നിലമൊരുക്കിയ ഒരേക്കറിലാണ് ജനപ്രതിനിധികൾ വെള്ള പൊന്മണി വിത്തുപയോഗിച്ച് തയ്യാറാക്കിയ ഞാറുനട്ടത്. തുടർന്നുള്ള കളപറിക്കലും കീടനിയന്ത്രണവും വിളവെടുപ്പുമെല്ലാം ഇവർ തന്നെ ചെയ്യാനാണ് തീരുമാനം.
രാഷ്ട്രീയവും സാമൂഹികപ്രവർത്തനവും മാത്രമല്ല കൃഷിയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് മറ്റത്തൂരിലെ പഞ്ചായത്തംഗങ്ങൾ. കൃഷിയിൽ നിന്ന് പുതിയ തലമുറ അകന്നുപോകുന്ന കാലഘട്ടത്തിൽ നശോന്മുഖമായ കൃഷിനിലങ്ങൾ തിരിച്ചുപിടിച്ച് സ്വയം മാതൃകയാവുകയാണ് ഇവർ.