കൊട്ടാരക്കര: കല്ലട ജലസേചന പദ്ധതിയുടെ ഉപ കനാലുകളിൽ വെള്ളമെത്തിയില്ല.ഇതോടെ ഗ്രാമീണ മേഖലകളിലെ ഏലാ നിലങ്ങളിലെയും കരപുരയിടങ്ങളിലെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.എല്ലാ വേനൽക്കാലത്തും കെഐപിയുടെ ഭാഗത്തു നിന്നും ഇത്തരം തിക്താനുഭവങ്ങളാണ് കർഷകർ നേരിട്ടു കൊണ്ടിരുക്കുന്നതെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.
പ്രളയത്തിനുശേഷം കിഴക്കൻ മേഖലയിൽ കടുത്ത ചൂടും വരൾച്ചയുമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. കുടിവെള്ള സ്രോതസുകൾ മിക്കവയും വറ്റിവരണ്ടു. തോടുകളിലും നീർച്ചാലുകളിലും വെള്ളമില്ല. കിണറുകളും കുളങ്ങളും വെള്ളമില്ലാതായി. ഉയർന്ന പ്രദേശങ്ങണ്ടലെല്ലാം കുടിവെള്ളം പോലും ലഭ്യമല്ലാതായിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ടു കൊണ്ടുള്ള ഒരു പദ്ധതിയും ത്രിതല പഞ്ചായത്തുകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ഇതോടൊപ്പമാണ് കാർഷിക മേഖലയുടെ നാശത്തിനും ജലദൗർലഭ്യം വഴിവെച്ചിട്ടുള്ളത്.
കല്ലട പദ്ധതിയുടെ മെയിൻ കനാലുകൾ വഴി വെള്ളം തുറന്നു വിട്ടിട്ടുണ്ട്. എന്നാൽ കാർഷിക മേഖലയ്ക്കു ഗുണപ്രദമാകേണ്ടുന്ന ഉപ കനാലുകൾ അടച്ചിട്ടിരിക്കുകയാണ്. ഉപകനാലുകൾ വഴി വെള്ളം തുറന്നു വിടുമ്പോഴാണ് കൃഷിയിടങ്ങളിലും ജല സ്രോതസുകളിലും വെള്ളം നിറഞ്ഞ് ജലക്ഷാമം പരിഹരിക്കപ്പെടുന്നത്.
നെൽകൃഷി നടന്നു വരുന്ന കരീപ്ര, ആറ്റുവാശേരി, പെരുംകുളം പള്ളിക്കൽ, തലച്ചിറ, ചിരട്ടക്കോണം, കമുകിൻതോട് എന്നിവിടങ്ങളിൽ ജലക്ഷാമം തിരിച്ചടിയായിട്ടുണ്ട്. കതിരിടുന്ന സമയത്ത് പാടങ്ങളിൽ വെള്ളമില്ലാത്തത് കൃഷി നശിക്കാൻ കാരണമായിട്ടുണ്ട്. കനാലുകൾ വഴി വെള്ളം തുറന്നു വിടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
കനാൽ ശുചീകരണം പൂർത്തിയാക്കാത്തതുകൊണ്ടാണ് ഉപകനാലുകൾ തുറക്കാത്തതിനു കാരണമായി കെഐപി.അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇത്തവണ കനാൽ ശുചീകരണം വളരെ നേരത്തെ പൂർത്തിയാക്കിയെന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ വിശദീകരണം. നേരത്തെ കെഐപി കരാർ നൽകിയായിരുന്നു കനാൽ ശുചീകരണം നടത്തിവന്നിരുന്നത്.ഇതിൽ വൻ അഴിമതി നടന്നു വരുന്നതായി തെളിഞ്ഞതിനെ തുടർന്നാണ് ചുമതല പഞ്ചായത്തുകൾക്കു കൈമാറിയത്.
തൊഴിലുറപ്പു പദ്ധതിയുലുൾപ്പെടുത്തിയാണ് ഇപ്പോൾ കനാൽ ശുചീകരണം നടന്നു വരുന്നത്. അഴിമതിപ്പണം കൈപ്പറ്റിയിരുന്ന ചില ഉദ്യോഗസ്ഥരാണ് വെള്ളം തുറന്നു വിടുന്നതിനും ശുചീകരണത്തിനും തടസം സൃഷ്ടിക്കുന്നതെന്നും ആരോപണമുണ്ട്.അടുത്തിടെ നടന്ന അറ്റകുറ്റപ്പണികളിലും ക്രമക്കേടുകൾ നടന്നതായി പരാതികളുയർന്നിട്ടുണ്ട്.
വരൾച്ച രൂക്ഷമായിട്ടും കെഐപി സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഏലാ സമിതികളും കർഷകരും