പത്തനംതിട്ട; ഉഴുത് ഉണ്ണുന്നവനെ തൊഴുത് ഉണ്ണണം എന്ന പഴമൊഴി പാടി നടക്കുന്ന നാട്ടിൽ കർഷകന്റെ രോദനം കേൾക്കാൻ ആളില്ലെന്നും മാത്രം. അറുകാലിക്കൽ പടിഞ്ഞാറ് ബിനു ഭവനിൽ ഗോപാലിന്റെ കൃഷി കാട്ടുപന്നികൾ കൂട്ടമായി വന്ന നശിപ്പിച്ചതിൽ മനംനൊന്ത് കൃഷി ഉപേക്ഷിച്ചിരിക്കുകാണ് ഇപ്പോൾ.
ഏഴംകുളം പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡ് മൂന്ന് തവണ വാങ്ങിയ ഗോപാലൻ ഒരുകാലത്ത് ഹരിതസംഘം എന്ന പദ്ധതിയിലൂടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലേ ഹോർട്ടി കോർപറേഷന് ധാരാളം പച്ചക്കറി ഉത്പന്നങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ കാട്ടുപന്നികളുടെ ശല്യം കാരണം കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞവർഷം തന്നെ ഒന്നര ലക്ഷം രൂപയോളം വിലവരുന്ന മരച്ചീനി കാട്ടുപന്നി നശിപ്പിച്ചതായി ഗോപാൽ പറഞ്ഞു. ചെണ്ടകൊട്ടിയും പടക്കം പൊട്ടിച്ചും പന്നിയെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടടവും പയറ്റി. പന്നി കയറാതിരിക്കാൻ ടിൻ ഷീറ്റ് ഇട്ടെങ്കിലും അതിന്റെ പുറത്തു കൂടി ചാടിക്കടന്ന് കൃഷി നശിപ്പിച്ചു.
മരച്ചീനി മാത്രമല്ല ഏത്തവാഴ കുത്തി മറിച്ചും ഇഞ്ചിപ്പണ കുത്തിയിളക്കിയും വെറ്റില തള്ളിയിട്ടുമൊക്കെ നാശം വരുത്തി. കമ്പിവേലി സ്ഥാപിക്കുകയാണ് ഏക പരിഹാര മാർഗമെങ്കിലും ഇതിനുള്ള ചെലവ് ഭീമമാണ്. കൃഷിയിൽ നിന്നുള്ള ലാഭം കൊണ്ട് ഇതു ചെയ്യാനാകില്ല.
നിരവധി തവണ ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഏഴംകുളം പഞ്ചായത്തിലും പരാതി കൊടുത്തിട്ടും യാതൊരു സഹായവും ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണടി കർഷകമന്ത്രാലയത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപ പരസ്യത്തിനായി ചെലവഴിക്കുമ്പോൾ യഥാർഥ കർഷകൻ നൊന്ത് നീറുകയാണ്.