കോട്ടയം: നിവൃത്തികേടുകൊണ്ട് നെല്‍കര്‍ഷകര്‍ മില്ലുടമകള്‍ക്കു കീഴടങ്ങി. കിഴിവുതരാതെ നെല്ലെടുക്കില്ലെന്ന കുത്ത്മില്ലുകാരുടെ കടുംപിടിത്തത്തിനൊടുവില് രണ്ടു കിലോ മുതല്‍ എട്ടുകിലോ വരെ കിഴിവുകൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
കര്‍ഷകരുടെ പക്ഷം പറയേണ്ട കൃഷിവകുപ്പും മില്ലുടമകളുടെ പക്ഷം ചേര്‍ന്ന് കിഴിവിനെ പിന്തുണച്ചതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. പാടത്തു കൂനകൂട്ടിയ നെല്ല് കിളിര്ത്തുപോകുമെന്ന ആശങ്കയിലാണ് കിഴിവുതള്ളി കര്‍ഷകര്‍ നെല്ല് വിറ്റുകൊണ്ടിരിക്കുന്നത്.
57 മില്ലുകാര്‍ നെല്ലെടുക്കാന്‍ വരുമെന്നായിരുന്നു ഉറപ്പെങ്കിലും 45 മില്ലുകള്‍ മാത്രമാണ് സംഭരണത്തിലുള്ളത്. ജില്ലയിലെ നൂറിലേറെ പാടശേഖരങ്ങളില്‍ ഒരാഴ്ചയായി നെല്ല് പാടങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. വേനല്‍ മഴ ശക്തിപ്പെടുംതോറും ഈര്‍പ്പത്തിന്റെ തോത് വര്‍ധിക്കുമെന്നതിനാല്‍ കൂടുതല്‍ തീരുവ കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
ഒരു ക്വിന്റല്‍ നെല്ലിന് അഞ്ചു കിലോ തീരുവ നല്കേണ്ടിവരുമ്പോള് കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നത് 141 രൂപയാണ്. ഇത്തരത്തില്‍ ഒരു ടണ്‍ നെല്ലിന് നഷ്ടം 1,410 രൂപ. കൃഷിച്ചെലവും പ്രതികൂല കാലാവസ്ഥയും കാരണം ഒരേക്കര്‍ പാടത്തുനിന്ന് ഈ സീസണില്‍ ലഭിക്കാവുന്ന പരമാവധി ലാഭം പതിനായിരം രൂപയാണ്.
കിഴിവിന്റെ പേരില്‍ ഭീമമായി നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. വെച്ചൂര്‍, തലയാഴം, വൈക്കം, ആര്‍പ്പൂക്കര, കാഞ്ഞിരം, കുമരകം, ചങ്ങനാശേരി, ചിങ്ങവനം പ്രദേശങ്ങളില്‍ വലിയ തോതില്‍ നെല്ല് കെട്ടിക്കിടുക്കുകയാണ്. നിലവില്‍ 25 ശതമാനം പാടങ്ങളിലെ കൊയ്ത്ത് മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ.
മേയ് പകുതിയോടെ മാത്രമേ പുഞ്ചുക്കൊയ്ത്ത് അവസാനിക്കുകയുള്ളൂ. നിലവില്‍ വില്‍ക്കുന്ന നെല്ലിന് വില എന്നു ലഭിക്കുമെന്നും കര്‍ഷകര്‍ക്ക് അറിയില്ല.
അന്നം വിളയിക്കുന്നവരോട് ഈ ചതി ചെയ്യരുത്
കോട്ടയം: കൃഷിവകുപ്പിന്റെ കടുത്ത അനാസ്ഥയാണ് നിലവില്‍ കര്‍ഷകര്‍ നേരിടുന്ന കഷ്ടനഷ്ടങ്ങള്‍ക്കെല്ലാം കാരണം. ജില്ലയില്‍ എത്ര ഹെക്ടറില്‍ നെല്ല് കൊയ്യാനുണ്ടെന്നും എന്നു പാകമാകുമെന്നും കൃഷി വകുപ്പിന് കണക്കുണ്ട്. സമയബന്ധിതമായി കൊയ്യാന്‍ യന്ത്രങ്ങളും സംഭരിക്കാന്‍ മില്ലുകളും ഇല്ലാതെ പോയതനു പിന്നില്‍ കൃഷിവകുപ്പിന്റെ അനാസ്ഥ ഒന്നു മാത്രമാണ്.
പാടങ്ങളിലെ പകല്‍ക്കൊള്ളക്കാരായ ഇടനിലക്കാര്‍ക്കും മില്ലുകാര്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കൃഷിവകുപ്പ് നടത്തിയ മെല്ലെപ്പോക്കിന്റെ ഇരകളാണ് ജില്ലയിലെ അര ലക്ഷത്തോളം നെല്‍കര്‍ഷകര്‍. പാടത്ത് വിതയ്ക്കാന്‍ വിത്തു നെല്ലിന് അപേക്ഷ നല്കുന്നതു മുതല്‍ നെല്ല് വില്ക്കാന്വരെ ഓരോ ഘട്ടത്തിലും കര്‍ഷകര്‍ പാഡി ഓഫീസില്‍ രേഖകളോടെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
നെല്ല് സംഭരണത്തിന് മുന്നോടിയായി സപ്ലൈകോയിലും രജിസ്റ്റര്‍ ചെയ്യും. എത്ര ഹെക്ടറില്‍ ആകെ കൃഷിയുണ്ടെന്നും ഏറെക്കുറെ വിളവ് എങ്ങനെയുണ്ടാകുമെന്നും അറിയാമെന്നിരിക്കെ സമയബന്ധിതമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൃഷി വകുപ്പ് ഒരുക്കം നടത്താതെ വരുന്നതാണ് നിലവിലെ പ്രശ്നം.
യാതൊരു അടിസ്ഥാനവുമില്ലാതെ കിഴിവ് കൊടുക്കുകയും അന്യായകൂലി വാടക നല്‍കുകയും ചെയ്യേണ്ട സാഹചര്യമാണ് അപ്പര്കുട്ടനാട്ടിലുള്ളത്. നാടിന് അന്നം വിളയിക്കുന്ന കര്‍ഷകരെ പിഴിയുകയാണ് തൊഴിലാളികളും ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന ലോബി.