തൃശൂർ: കാട്ടാനശല്യവുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരത്തിനു കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷം. ഇനിയും നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലാണ് ആളുകൾ. അഞ്ചു വർഷത്തിനുള്ളിൽ 145 അപേക്ഷകളാണു നൽകിയതെന്ന് ഷാജി.
ജെ. കോടങ്കണ്ടത്തിനു ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കി. 2020 ജൂണ്‍ 19 മുതൽ 34 അപേക്ഷകളും നൽകി. ഇതിന് 8,05,000 രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെടുകയും ചെയ്തു.
പക്ഷേ വനംവകുപ്പ് ഇനിയും അനങ്ങിയിട്ടില്ല. ആനകൾ ദിനംപ്രതി ഇറങ്ങി നശിപ്പിക്കുന്നതു പതിവായി മാറിയിട്ടും വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിൽ 2020 ജൂണിനുശേഷം വന്യജീവി അക്രമവുമായി ബന്ധപ്പെട്ട് പത്ത് അപേക്ഷകളാണു ലഭിച്ചത്. മാന്ദാമംഗലം സ്റ്റേഷന്റെ കീഴിൽ 11.9 കിലോമീറ്റർ ദൂരവും പട്ടിക്കാട് 9.6 കിലോമീറ്റർ ദൂരവും മാത്രമാണു വൈദ്യുതി വേലി സ്ഥാപിച്ചിട്ടുള്ളത്.
പട്ടിക്കാട് റേഞ്ചിന്റെ കീഴിലുള്ളവർക്കു ടോർച്ച്, മഴക്കോട്ട്, ഷൂസ് എന്നിവ ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കി.
ഒല്ലൂർ നിയോജകമണ്ഡലത്തിൽ വന്യജീവി ആക്രമത്തിനെതിരെ സോളാർ വേലികൾ സ്ഥാപിക്കുന്നതിനും നിലവിലുള്ള വേലികൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും വേലികളിൽ പവർ സപ്ലൈ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എം.എം. പൈലി, അഡ്വ. ഷാജി കോടങ്കണ്ടത്ത്, കെ.പി. എൽദോസ് എന്നിവർ ചേർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വനംവകുപ്പിന്റെ വിശദീകരണം തേടിയിരിക്കുകയാണിപ്പോൾ.