പത്തനംതിട്ട: വന്യമൃഗങ്ങളായ പന്നി, കുരങ്ങ്, ആന എന്നിവ കർഷകർക്കും വിവിധ കൃഷികൾക്കും ചെയ്യുന്ന ഉപദ്രവങ്ങൾക്ക് പരിഹാരം കാണുന്നതിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ജില്ലാ കർഷക സഭ ആവശ്യപ്പെട്ടു. പത്തനംതിട്ട ആത്മയുടെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന ജില്ലാ കർഷക സഭയിലാണ് ഈ ആവശ്യമുയർന്നത്.
ജില്ലയെ തരിശുരഹിതമാക്കുന്നതിനും തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗുണനിലവാരമുള്ള വിത്തുകൾ, നടീൽ വസ്തുക്കൾ ഇവ വിതരണം ചെയ്യുന്നതിനും ജില്ലാ മൊബൈൽ മണ്ണുപരിശോധനാ ലാബിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും കരിന്പ്, കോലിഞ്ചി എന്നിവയുടെയും ജൈവ കൃഷിയുടെയും പ്രോത്സാഹനത്തിനും തോടുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് ജനപ്രതിനിധികളും കർഷക പ്രതിനിധികളും കർഷക സഭയിൽ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി കർഷക സഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, അംഗങ്ങളായ സാം ഈപ്പൻ, റ്റി. മുരുകേഷ്, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല പണിക്കർ, ആത്മ പ്രോജക്ട് ഡയറക്ടർ യു. കവിത, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ വിനോജ് മാമ്മൻ, കാർഷിക വികസന സമിതി അംഗങ്ങളായ മുഹമ്മദ് സാലി, ജിജി ജോർജ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.