കല്ലൂര്‍: എണ്‍പത്തിയാറിന്റെ നിറവിലും കൂര്‍ക്ക കൃഷിയില്‍ നൂറുമേനി വിളവെടുക്കുകയാണു കൊച്ചു മറിയം. വാര്‍ധക്യത്തിന്റെ അവശതകള്‍ വകവെക്കാതെ കാര്‍ഷികരംഗത്തു പുതുതലമുറക്ക് ആവേശവും പ്രചോദനവുമാകുകയാണിവര്. പള്ളിക്കുന്ന് വടാന്തോള്‍ കുടിലിങ്ങല്‍ വീട്ടില്‍ കൊച്ചുമറിയമാണ് പാടത്തു കൂര്‍ക്ക കൃഷി നടത്തി വിജയം കൈവരിച്ചത്. വടാന്തോളില് പാട്ടത്തിനെടുത്ത സ്ഥലത്താണു കൂര്‍ക്ക കൃഷി നടത്തുന്നത്.
വാര്‍ധക്യത്തെ അവഗണിച്ചു രാവിലെ ഏഴുമണിയോടെ മറിയം പാടത്തിറങ്ങും. കുടിക്കാനുള്ള വെള്ളവും കൈക്കോട്ടുമായി പാടത്തെത്തിയാല്‍ വെയിലിനെ പോലും വക വെക്കാതെയാണു മറിയം കൃഷിയില്‍ മുഴുകുന്നത്. ദീര്‍ഘകാലമായി കൂര്‍ക്ക കൃഷിയില്‍ സജീവമാണ് മറിയം. പൂര്‍ണമായും ജൈവ രീതിയിലാണു കൃഷി നടത്തുന്നത്. അതു കൊണ്ടു തന്നെ കൃഷി വിളവെടുപ്പു നടക്കുന്നതു മുതല്‍ കൂര്‍ക്ക വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. പുല്ലു വളര്‍ന്നു മൂടിക്കിടന്ന പാടമാണ് ഈ തവണ മറിയം കൃഷിക്കായി തെരഞ്ഞെടുത്തത്. കൃഷിക്കുവേണ്ടി പാടം ഒരുക്കി തടമെടുക്കുന്നതു മുതല്‍ വിളവെടുപ്പു വരെയുള്ള എല്ലാ ഘട്ടങ്ങളിലും ആരുടെയും സഹായമില്ലാതെയാണു മറിയം കൃഷി ചെയ്തത്.
ഉച്ചവെയിലിന്റെ ചൂടു കൂടുമ്പോള്‍ കൃഷിയിടത്തില്‍ താത്ക്കാലികമായി പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടു വച്ചുകെട്ടിയ പന്തലില്‍ വിശ്രമിക്കും. വിശ്രമത്തി നിടയിലും പറിച്ചെടുത്ത കൂര്‍ക്കകള്‍ മണ്ണു കളഞ്ഞു വൃത്തിയാക്കുകയാണ് പതിവ്. കൂര്‍ക്ക കൃഷി വിളവെടുത്തു കഴിഞ്ഞാല്‍ മറ്റു പച്ചക്കറി കൃഷിയും മറിയം ചെയ്തു വരുന്നുണ്ട്. വാര്‍ധക്യത്തില്‍ വെറുതെ ഇരുന്നാല്‍ അസുഖങ്ങള്‍ പിടിപെടുമെന്ന ചിന്തയില്‍ വീട്ടുകാരുടെ സ്നേഹപൂര്‍വമായ എതിര്‍പ്പുകള്‍ വകവെക്കാതെയാണു മറിയം പാടത്ത് കൃഷി ചെയ്യാന്‍ ഇറങ്ങുന്നത്.