കോട്ടയം: കോടിമത ഈരയിൽക്കടവ്-മണിപ്പുഴ പ്രദേശത്തെ 300 ഏക്കർ പാടശേഖരം ഏറ്റെടുക്കാനുള്ള നീക്കം സ്വകാര്യ ഭൂ ഉടമകളെ സഹായിക്കാനെന്നു ആരോപണം. 300 ഏക്കർ വരുന്ന കൃഷി യോഗ്യമായ പാടശേഖരമാണു വികസന ഇടനാഴിയുടെ പേരിൽ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നത്.
മുൻസർക്കാരിന്റെ കാലത്താണു സ്ഥലം തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവ് പ്രകാരം ഈ പ്രദേശം മിക്സഡ് സോണ്‍ കാറ്റഗറിയിലേക്കു മാറ്റിയത്. കോട്ടയം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണു സ്ഥലം ഏറ്റെടുക്കുന്നത്.
ചതുപ്പ് നിറഞ്ഞതും നെൽക്കൃഷിയ്ക്കു യോജിച്ചതുമായ പ്രദേശം മണ്ണിട്ട് നികത്തുന്നതിനെതിരേ പരിസ്ഥിതി സംഘടനകൾ ഇതിനോടകം രംഗത്തുവന്നുകഴിഞ്ഞു.
അനധികൃത കൃഷിക്ക് വിലക്ക്
കോട്ടയം: കോടിമത ഈരയിൽക്കടവ്-മണിപ്പുഴ വികസന ഇടനാഴിയുടെ ഇരുവശത്തും ഉള്ള സ്ഥലത്ത് അനധികൃതമായി ചെയ്ത കൃഷി വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി.
ഈ ഭാഗത്തെ പാടശേഖരത്തിൽ കൃഷി ചെയ്യാൻ ആർഡിഒ ഇറക്കിയ ഉത്തരവ് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്ഥലം ഉടമ പി. സതികുമാർ ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണു വിധി.
ഭാവിയിലെ വികസന പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നതിനു ഈ സ്ഥലങ്ങൾ ആവശ്യമാണെന്ന വാദം കോടതി അംഗീകരിച്ചു. കൃഷി ചെയ്ത സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കി നഷ്്ടപരിഹാരം ഉൾപ്പടെ ഭൂവുടമകൾക്കു തിരിച്ചു നൽകാനും ആർഡിഒയ്ക്കു നിർദേശം നൽകി.
ഈ പ്രദേശത്ത് കൃഷി നടത്തുന്നതിൽനിന്നു കൃഷി ഓഫീസറെയും പാടശേഖര സമിതിയേയും കോടതി വിലക്കുകയും ചെയ്തു.
കോട്ടയത്തിന്റെ ഭാവി വികസനത്തിനു കോടിമത ഭാഗത്തുള്ള 300 ഏക്കറുള്ള സ്ഥലം ആവശ്യമാണെന്നു കണ്ടു തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവ് പ്രകാരം കോട്ടയം മാസ്റ്റർ പ്ലാനിൽ ഈ പ്രദേശം മിക്സഡ് സോണ്‍ കാറ്റഗറിയിലേക്കു മാറ്റിയിരുന്നു.