കോട്ടയം: ജില്ലയിലെ 10 പഞ്ചായത്തുകൾ കൂടി തരിശുരഹിതമാകുന്നു. അടുത്ത പുഞ്ച കൃഷിയോടെയാണ് കല്ലറ, പനച്ചിക്കാട്, അയർക്കുന്നം, കുറിച്ചി, പഴയ കുമാരനല്ലൂർ, പുതുപ്പള്ളി, തൃക്കൊടിത്താനം, മണർകാട്, മാഞ്ഞൂർ, കാണക്കാരി പഞ്ചായത്തുകൾ തരിശുരഹിതമാക്കുന്നത്. മെത്രാൻ കായൽ പാടശേഖരത്ത് നാലു വർഷം മുന്പ് ആരംഭിച്ച തരിശുനിലകൃഷിയുടെ തുടർച്ചയായിട്ടാണ് മറ്റു പഞ്ചായത്തുകളിലേക്കും കൃഷി വ്യാപിപ്പിക്കുന്നത്.
വെച്ചൂർ, അയ്മനം ഉൾപ്പെടെ കായൽ നിലങ്ങൾ ഏറെയുള്ള പഞ്ചായത്തുകളിൽ നെൽകൃഷി സജീവമാണെങ്കിലും തരിശു രഹിതമെന്ന നിലവാരത്തിൽ എത്താൻ സാധിച്ചിരുന്നില്ല. ഈ പഞ്ചായത്തുകളിലും കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 1696.6 ഹെക്്ടർ സ്ഥലത്ത് തരിശു നിലകൃഷി വിജയകരമായി നടത്തുകയും 634 ലക്ഷം രൂപ സഹായധനമായി നൽകുകയും ചെയ്തിട്ടുണ്ട്. ഈ വർഷം 350 ഹെക്്ടർ കൃഷി ഇറക്കാനാണ് തീരുമാനം.
മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ നദീപുനഃസംയോജന പദ്ധതിയും പാടശേഖര സമിതികളുടെയും ഹരിത കേരള മിഷന്റെ സഹകരണവും തരിശു രഹിത കൃഷിക്കു പ്രോത്സാഹനമാകുന്നുണ്ട്. മൂന്നു വർഷഷത്തിനുള്ളിൽ ജില്ലയിൽ 1696.6 ഹെക്ടർ സ്ഥലത്തു തരിശുനില കൃഷി നടത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ് പറഞ്ഞു.
ഇത്തവണ അധികമായി 300 ഹെക്ടറിൽ കൂടി കൃഷിയിറക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. തരിശുനില കൃഷി സജീവമാക്കിയ മെത്രാൻ കായലിൽ കൃഷി നാലാം വർഷത്തിലേക്കു കടക്കുകയാണ്. ഇത്തവണത്തെ മെത്രാൻ കായൽ കൃഷി ഉദ്ഘാടനം നാളെ രാവിലെ 10നു മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.