സുൽത്താൻ ബത്തേരി: പാടങ്ങളിൽ ആവശ്യത്തിനു വെള്ളം ലഭിക്കാതെ ജില്ലയിലെ കർഷകർ നെൽകൃഷിയിൽനിന്നു അകലുന്നു. വിത്തിറക്കേണ്ട ഇടവം, മിഥുനം മാസങ്ങളിലും ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തിൽ പരന്പരാഗത കർഷകരിൽ 65 ശതമാനത്തിലധികവും നെൽകൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ്. പാടങ്ങളിൽ മൂപ്പെത്തി നിൽക്കുന്ന ഞാറ് വെള്ളം കിട്ടിയാൽ മാത്രമേ പറിച്ചുനാട്ടാൻ കഴിയൂ. കർക്കടകത്തിന്റെ വരവ് അറിയിച്ചു ഇന്നലെ ചെറിയരീതിയിൽ മഴ പെയ്തങ്കിലും വയലുകളിൽ ആവശ്യത്തിന് വെള്ളമായില്ല. മഴ ഇനിയും ശക്തിയാർജിച്ചില്ലെങ്കിൽ ഞാറ് കരിയും.
കുളങ്ങളിൽനിന്നും തോടുകളിൽനിന്നും വെള്ളം പന്പുചെയ്ത് വിത്തിറക്കിയവർ ഞാറ് പറിച്ചുനടാനുള്ള വെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ്. വർഷം ഇതേ സമയം കനത്ത മഴയിൽ വയലുകൾ വെള്ളം കയറി കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയിലായി. അപ്പോൾ വയലിൽനിന്നു വെള്ളമിറങ്ങാൻ പ്രാർഥിച്ചവർ ഇപ്പോൾ വെള്ളത്തിനു കേഴുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി അന്പത് ശതമാനം കുറവു മഴയാണ് ജില്ലയിൽ ലഭിച്ചത്.
മൂപ്പ് കുറവുള്ള വലിച്ചൂരി, ഐആർ 20, ആയിരംകണ, പാലക്കാടൻ മട്ട തുടങ്ങിയ നെൽവിത്തുകളാണ് കർഷകർ ഇപ്പോൾ കൃഷിക്കു ഉപയോഗിക്കുന്നത്. ജീരകശാല, ഗന്ധകശാല എന്നിവയും ചിലർ കൃഷി ചെയ്യുന്നുണ്ട്. വലിച്ചുരി, ഐആർ 20 എന്നിവയുടെ ഞാറിന്റെ മൂപ്പ് 35 ദിവസമാണ്. 120-130 ദിവസത്തിനകം നെല്ല് കൊയ്യാൻ പാകമാകും. കൃത്യസമയം വിത്തിട്ട് ഞാറ് പറിച്ചുനാട്ടിയാൽ മാത്രമേ നല്ല വിളവ് കിട്ടൂ. പരന്പരാഗത രീതിയിൽ കൃഷിയിറക്കി വരുന്ന കർഷകർ വയലുകളിൽ വിതറുന്ന മരച്ചപ്പും ചാണകവും മഴയിൽ അലിഞ്ഞു ചേർന്നശേഷം ഉഴുതുമറിച്ചാണ് കൃഷിയിറക്കുന്നത്.
നെൽകൃഷി ജീവവായുപോലെ കൊണ്ടുനടക്കുന്ന കർഷകർ പൊടിവിത നടത്തിയിരിക്കുകയാണ്. പൊടിവിതയിൽ വിളവ് കുറവായിരിക്കും. പക്ഷികൾ കൂട്ടമായി എത്തി പൊടിവിതച്ച നെല്ലുകൾ ആഹരിക്കും. പൊടിവിതയിൽ കീട ബാധയും ഉണ്ടാകും. കാലാവസ്ഥ ജില്ലയിൽ നെൽക്കൃഷിയിൽ നിർണായക സ്വാധീനമാണ് ചെലുത്തുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒരു ഏക്കർ വയലിൽ 20-25 ക്വിന്റൽ നെല്ല് വിളവു ലഭിക്കും. ഏക്കറിനു 35,000-40,000 രൂപയാണ് കൃഷിച്ചെലവ്. വയൽപ്പണിക്കു ആവശ്യത്തിനു ആളുകളെ കിട്ടാത്തതും കർഷകരിൽ നെൽകൃഷിയോടുളള ആഭിമുഖ്യം കുറയ്ക്കുകയാണ്.