മാന്നാര്‍: കൃഷി ഓഫീസര്‍ എന്നത് ഒരു ജോലി മാത്രമല്ല, കൃഷിയെ നെഞ്ചോടു ചേര്‍ത്തുവയ്ക്കല്‍ കൂടിയാണന്ന് തെളിയിച്ചിരിക്കുകയാണ് ഹരികുമാര്‍.
ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന നൂതന ആശയം മലയാളിക്ക് മുന്പില് എത്തിച്ച മാന്നാര്‍ കൃഷിഭവനിലെ ഓഫീസര്‍ക്ക് കൃഷിയും കൃഷിയെ പ്രോത്സാഹിപ്പിക്കലും ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഏഴാം വയസിലേക്ക് കടക്കുമ്പോഴും ഈ ആശയത്തിന്റെ സൃഷ്ടാവിന് വിശ്രമമില്ല.
അദ്ദേഹത്തിന്റെ ആശയം സര്‍ക്കാര്‍ ഏറ്റെടുത്ത് കൈരളിക്ക് നല്കിയ പൊന്പദ്ധതിയാണ് ഓണത്തിന് ഒരു മുറം പച്ചക്കറി. കുടുംബങ്ങളെയൊന്നാകെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഗാര്ഹികകൃഷി വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് അവരവരുടെ വീട്ടുവളപ്പില്‍നിന്ന് വിഷരഹിതമായ പച്ചക്കറികള്‍ വിളവെടുത്ത് സദ്യയുണ്ണുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ബാക്കിപത്രമാണ് ഈ ആശയം. സെപ്റ്റംബറിലെത്തുന്ന ഓണത്തിന് വിളവെടുക്കണമെങ്കില്‍ ജൂണിലോ ജൂലൈ ആദ്യ വാരത്തിലോ പച്ചക്കറിത്തൈകള്‍ നടണം.
തൊടിയില്‍ കൃഷിചെയ്യാന്‍ പറ്റാത്തവര്‍ മട്ടുപ്പാവിലോ ഗ്രോബാഗിലോ ചട്ടികളിലോ കൃഷിചെയ്യുന്ന രീതിയാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഈ പദ്ധതിക്ക് സ്ഥലലഭ്യത ഒരു പ്രശ്നമല്ലായെന്നുള്ളതാണ് വലിയൊരു നേട്ടം. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി 2017ലാണ് ആദ്യമായി സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിയത്.
കാര്‍ഷികകേരളം ആ പദ്ധതിയെ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചു. ഏഴു വര്‍ഷം പിന്നിടുന്ന ഈ ജനകീയപദ്ധതിയെ വിത്തിട്ട് മുളപ്പിച്ചെടുത്ത മാവേലിക്കര സ്വദേശി ഹരികുമാര്‍ മാവേലിക്കര ഇന്ന് മാന്നാര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ആശയം മനസിലുദിക്കുകയും അത് പ്രാവര്‍ത്തികമാക്കി വിജയകരമെന്ന് മനസിലാക്കിയശേഷം സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുകയുമായിരുന്നു.
2015 ല്‍ ഫെയ്സ്ബുക്കിലെ വിവിധ കൃഷി ഗ്രൂപ്പുകളിലംഗമായ പതിനായിരത്തിലധികം കുടുംബങ്ങളിലൂടെ ഈപദ്ധതി പരീക്ഷിച്ച് വിജയപഥത്തിലെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹരികുമാര്‍ ഈ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുവാന്‍ ഇറങ്ങിത്തിരിച്ചത്. തുടര്‍ന്ന് 2016 ഒക്ടോബറില്‍ തൃശൂര്‍ ബാനര്ജിക്ലബില് ഓണ്‍ലൈന്‍ കാര്‍ഷിക വിപണിയുടെ ണ്ടാം വാര്‍ഷിക ചടങ്ങില്‍ അന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയായിരുന്ന വി.എസ്. സുനില്‍കുമാറില്‍നിന്ന് ആദരം ഏറ്റുവാങ്ങുകയും ആ ചടങ്ങില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് നേരിട്ട് മന്ത്രിക്ക് കൈമാറാനും കഴിഞ്ഞത് ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ നിമിത്തമായി.
അതിനു ശേഷം 2017 ലും ഇതേവേദിയില്‍ മേയ്മാസത്തില്‍ വിഷുക്കണിക്കായി പ്രോഗ്രാമിന്റെ വിജയവുമായിബന്ധപ്പെട്ട് കൃഷിമന്ത്രിയില്നിന്ന് വീണ്ടും ആദരവ് ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ ഓണത്തിനൊരുമുറം പച്ചക്കറി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി വി. എസ്. സുനില്‍ കുമാര്‍ നേരിട്ട് ഹരികുമാറിനെ അറിയിക്കുകയായിരുന്നു.
പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാകുമെന്ന് മന്ത്രി വാക്കു കൊടുക്കുകയും ചെയ്തത് കൃഷി ജീവിതസപര്യയാക്കിയ ഈ കൃഷി ഓഫീസര്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു.2017 ഓണത്തിന് മുമ്പായി ഓണത്തിനൊരു മുറം പച്ചക്കറിയുടെ പ്രഖ്യാപനം ഉണ്ടാവുകയും ചെയ്തിരുന്നു. കേരളജനത നെഞ്ചേറ്റിപോന്ന ഈ പദ്ധതിയോടെ ഹരികുമാറിനെത്തേടി ഒരുപാട് പുരസ്കാരങ്ങളും അംഗീകാരങ്ങളും വന്നുചേര്‍ന്നു.
കേരളപാണിനി സര്‍ഗ പ്രതിഭ പുരസ്കാരം, മാന്നാര്‍ കുരട്ടിശേരിയിലമ്മ മാതൃസമിതി പുര്കാരം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കര്‍ഷകശ്രീ അവാര്‍ഡ്, പ്രിയദര്‍ശിനി അവാര്‍ഡ്, ഹരിത ജീവനം കര്‍ഷകമിത്രം അവാര്‍ഡ്, സരോജിനി ദാമോദര്‍ ഫൗണ്ടേഷ അക്ഷയശ്രീ അവാര്‍ഡ്, സംസ്ഥാന പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ പ്രഥമ ഹരിത കേരളം പുരസ്കാരം തുടങ്ങി അനവധി നിരവധി അംഗീകാരങ്ങള്‍കൊണ്ട് ഹരികുമാറിന്റെ സ്വീകരണ മുറി നിറഞ്ഞിരിക്കുകയാണ്.
പ്രമുഖ മാധ്യമങ്ങളിലൂടെയും ആകാശവാണിയിലെ വയലുംവീടും, ടെലിവിഷന്ചാനലുകളിലെ നൂറുമേനി, ഹരിതകേരളം, കൃഷിദീപം, കൃഷി ദര്ശന് തുടങ്ങിയവയിലൂടെ കൃഷിവിജ്ഞാന വ്യാപനത്തിലൂടെയും ഹരികുമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ കൃഷി ഓഫീസറായി. കേരളത്തിലുടനീളം സ്ഥാപനങ്ങളും സംഘടനകളും നടത്തിയ പല കാര്‍ഷിക പരിപാടികളിലും ക്ലാസുകള്‍ നടത്തുവാനും ഹരികുമാറിനായിരുന്നു നിയോഗം ലഭിക്കാറുണ്ട്. മുറവും പച്ചക്കറിയുമായി തൊടിയിലൂടെ നടക്കുന്ന തന്റെ അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയ കൃഷി ഹരികുമാറിന് ഒരു ഉപജീവനമല്ല, ജീവിതം തന്നെയാണ്.
ചെങ്ങന്നൂര്‍ ആര്‍ഡി ഓഫീസിലെ ഡെപ്യുട്ടി തഹസില്‍ദാരായ ഭാര്യ പ്രതീക്ഷ ടി.എസ്, എംഎസ് സി ബയോകെമിസ്ട്രി വിദ്യാര്‍ഥിനിയായ മകള്‍ അഞ്ജലി, ബി സിഎ വിദ്യാര്‍ഥിയായ ആദിത്യന് എന്നിവരടങ്ങിയ കുടുംബത്തിന്റെ ഒത്തൊരുമയും പിന്തുണയും ഈപദ്ധതിയെ പരിപോഷിപ്പിക്കാന്‍ ഹരികുമാറിന് സഹായകമായി.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ എല്ലാ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഓണത്തിന് വിളവെടുകകുന്നതിനായി ഹരികുമാറിന്റെ മട്ടുപ്പാവില്‍ പാവല്‍, പയര്‍, പടവലം, മത്തന്‍, കുമ്പളം, വെള്ളരി, ചുരയ്ക്ക, തക്കാളി, വഴുതന, മുളക്, വെണ്ട ഉള്‍പ്പെടെ ഓണസദ്യയ്ക്ക് ആവശ്യമുള്ള എല്ലാ പച്ചക്കറികളും അല്പം പോലും വിഷം അടിക്കാതെ കൃഷി ചെയ്യുന്നതോടൊപ്പം ഓണത്തിന് അത്തപ്പൂവിടുന്നതിനു വേണ്ട ബന്ദിപ്പൂവും ഇതേ കൃഷിയിടത്തിലുണ്ട്.
ഏതു സമയത്തും ആര്‍ക്കും കൃഷിയുമായി ബന്ധപ്പെട്ട ഉപദേശങ്ങളും അറിവുകളും പകര്‍ന്നു നല്കുന്ന ഈ കൃഷി ഓഫീസര്‍ സര്‍ക്കാര്‍ നിയമത്തിനുള്ളില്‍നിന്ന് കൊണ്ട് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നേടിക്കൊടുക്കുവാനും ശ്രമിക്കാറുണ്ട്.2022-23 വര്‍ഷം ഓണത്തിന് വിളവെടുക്കുന്നതിനായി മാന്നാര്‍ പഞ്ചായത്തിലെ ജന പ്രതിനിധികളേയും പഞ്ചായത്തിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ ഹരിതം ജീവനം പദ്ധതി, മാന്നാര്‍ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 അങ്കണവാടികളില്‍ കുട്ടികള്‍ക്ക് വിഷം പുരളാത്ത പച്ചക്കറികള്‍ വിളവെടുത്ത് കഴിക്കുന്നതിനായി നടപ്പിലാക്കിയ ഹരിതാങ്കണം എന്നീ പദ്ധതികള്‍ വന്‍വിജയമായിരുന്നു.
ഈ പദ്ധതികള്‍ എല്ലാം ഹരികുമാറിന്റെ ആശയമായിരുന്നു. ജോലി കഴിഞ്ഞും അവധി ദിനങ്ങളിലും പലരുടെയും കൃഷി സ്ഥലങ്ങളിലേക്ക് ഭക്ഷ്യ സുരക്ഷയും ആരോഗ്യ സുരക്ഷയും അവരവരുടെ വീട്ടില്‍ നിന്നു തന്നെയാകണം എന്ന സന്ദേശവുമായി ഈ കൃഷി ഓഫീസര്‍ ഒരോ പദ്ധതികളും തയാറാക്കുന്നത്. പുതിയ കൃഷി രീതികള്‍ പഠിക്കാനും പഠിപ്പിക്കാനും പുതിയ പദ്ധതികളും ആശയങ്ങളും പ്രചരിപ്പിക്കാനുമുള്ള ഓട്ടത്തിലാണ് ഈ കൃഷി ഓഫീസര്‍.