മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ നെല്ലറയെന്നു പറയുന്ന തെങ്കരയ്ക്ക് പുത്തൻ ഉണർവു നല്കി കുടുംബശ്രീ വനിതകൾ.നിലം ഒരുക്കുവാനും ഞാറുപാകുവാനും നടാനും ഇവർ നാലുപേർ മാത്രം മതി. 48 ദിവസംകൊണ്ട് വിശ്രമമില്ലാതെ ഇവർ ഞാറു നട്ടത് 80 ഏക്കറിൽ.
മെഴുകുംപാറ ഭദ്ര കുടുംബശ്രീയിലെ കതിർ ജഐൽജി ഗ്രൂപ്പിൽ ഉൾപ്പെട്ട പി.രാധിക, പി.നിഷ, രാധ, കൃഷ്ണപ്രിയ എന്നിവരാണ് കുറഞ്ഞ ചെലവിൽ ചുരുങ്ങിയ ദിവസംകൊണ്ട് നെൽകൃഷി ഇറക്കുന്നതിന് കർഷകരെ സഹായിക്കുന്ന പദ്ധതിയുമായി എത്തിയിരിക്കുന്നത്.
അന്യമാകുന്ന തെങ്കര പഞ്ചായത്തിലെ നെൽകൃഷിക്ക് പുതുജീവൻ നല്കുകയാണ് ഈ നാലുവനിതകൾ. ആദ്യം പ്ലാസ്റ്റിക് ഷീറ്റിൽ ഞാറു പാകും. മുളച്ചുകഴിഞ്ഞാൽ ഉഴുതുമറിച്ച ്നിലം ക്രമപ്പെടുത്തി വരന്പ് പൊതിയും.
തുടർന്ന് മെഷീൻ ഉപയോഗിച്ച് നടീൽ നടത്തും. ഒരു ദിവസംകൊണ്ട് ഞാറ് നടുന്നത് ഒന്നരഏക്കറിലേറെ സ്ഥലത്ത്.സാധാരണ നാടൻ തൊഴിലാളികളെ ഉപയോഗിച്ച് ഒരേക്കർ നെൽകൃഷി ഇറക്കുവാൻ 8000 രൂപ ചെലവ് വേണ്ടിടത്ത് കുടുംബശ്രീ മുഖേന കൃഷിയിറക്കുന്പോൾ ചെലവ് 4000 രൂപ മതിയാകും.
കുറഞ്ഞ ചെലവിൽ നെൽകൃഷി ഇറക്കാമെന്നത് കൂടുതൽ കർഷകരെ ഇത്തരത്തിൽ കൃഷിചെയ്യുന്നതിന് ആകർഷിക്കുകയാണ്. കുടുംബശ്രീ ജില്ലാ മിഷനിൽനിന്നും പരിശീലനം ലഭിച്ച ഈ വനിതകൾ കഴിഞ്ഞ നാലുവർഷമായി തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ, അന്പംകുന്ന്, മുതുവല്ലി, കൈതച്ചിറ, തത്തേങ്ങലം, ചേറുംകുളം, തോടുകാട്, കൃഷിയിടങ്ങളിലും മറ്റു പഞ്ചായത്തിലെ കൃഷിയിടങ്ങളിലും ഞാറു നടുന്നത് ഇവരാണ്.
കുടുംബശ്രീയിലെ എഫ് എഫ് സി ഫണ്ട് വിനിയോഗിച്ച് വാങ്ങിയ നടീൽയന്ത്രം ഉപയോഗിച്ചാണ് ഇവർ ഞാറുനടുന്നത്. മെഴുകംപാറയിലും തെങ്കരയിലും 20 ഏക്കറോളം തരിശു ഭൂമിയും ഈ വർഷം കുടുംബശ്രീ വഴി നെൽകൃഷി ഇറക്കിയിരുന്നു.
സ്വന്തമായി തൊഴിലും വരുമാനവും ഇല്ലാതെ ഇരിക്കുന്ന ഞങ്ങളെപ്പോലുള്ള വനിതകൾക്ക് ഏറെ സഹായകരമാണ് കുടുംബശ്രീയുടെ ഈപദ്ധതിയെന്ന് ജഐൽജിയുടെ പ്രസിഡൻറ് രാധിക പറഞ്ഞു.
നിലം ഉഴുതു മറിക്കാൻ ചെറിയ ട്രാക്ടർ അനുവദിക്കണം. നടീൽയന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കും പെട്രോളിനും യന്ത്രം കൊണ്ടുപോകാനുള്ള വണ്ടി വാടകയും കഴിച്ച് ഒരുദിവസത്തെ കൂലിമാത്രമാണ് ഞങ്ങൾ വാങ്ങുന്നത്.
കോവിഡ് കാലത്ത് ഇതിൽ നിന്നുള്ള വരുമാനം ഏറെ സഹായകരമാണെന്നും ഈ കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.