കുമരകം: കൃഷിയും കര്‍ഷകനും തമ്മിലുള്ള ജൈവബന്ധത്തിന്റെ പേരാണ് കുമരകം. ഇന്നാട്ടിലുള്ളവര്‍ പേരില്‍ മാത്രം കര്‍ഷകരല്ല. കൃഷിയില്‍നിന്ന് ഇവരെ വേര്തിരിച്ചെടുക്കാനുമാവില്ല.
ഇതില്‍നിന്നു തുലോംവിഭിന്നമല്ല കണ്ണാടിച്ചാല്‍ വിത്തുവട്ടില്‍ ഫിലിപ്പ് വി. കുര്യന്റെ ജീവിതവും. അറുപതുകാരനായ ഫിലിപ്പിന്റെ ജീവിതത്തിന്റെ പച്ചപ്പും സമൃദ്ധിയും കൃഷി നല്‍കിയതാണ്.
ചെറുപ്പം മുതല്‍ പിതാവ് ഈശോ കുര്യനൊപ്പം കൃഷിയടത്തില്‍ ഇറങ്ങിയ ഫിലിപ്പ് ഇന്ന് ജില്ലയിലെ മികച്ച കര്‍ഷകരിലൊരാളാണ്. കുടുംബസ്വത്തായ 60 സെന്റ് സ്ഥലത്താണ് ഫിലിപ്പിന്റെ വിവിധ ഇനം കൃഷികള്‍. സീസണ് അനുസരിച്ച് നാനാതരം പച്ചക്കറികളാണ് ഇവിടെ വളര്‍ന്ന് പന്തലിക്കുന്നത്.
പാവല്‍, പടവലം, പയര്‍, വെണ്ട, ചേന, ചേമ്പ് തുടങ്ങി ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഈ കൃഷിയിടത്തില്‍ വിളയുന്നു. പച്ചക്കറിക്കൊപ്പം വ്യാപകമായി മഞ്ഞളും കൃഷി ചെയ്യുന്നു. മഞ്ഞളിന് പരിപാലന ചെലവ് കുറവാണ്. നട്ടതിനുശേഷം കാര്യമായ വളപ്രയോഗം നടത്തിയില്ലെങ്കിലും മികച്ച വിളവ് കിട്ടുമെന്നാണ് ഫിലിപ്പിന്റെ അനുഭവം.
ചാണകമാണ് പ്രധാനമായും മഞ്ഞളിന് നല്കുന്ന വളം. കഴിഞ്ഞ തവണ നാല് തടത്തിലായി 350 ചുവട് മഞ്ഞളാണ് നട്ടത്. ഇതില്‍നിന്ന് 18 കിലോ മഞ്ഞള്‍പ്പൊടി വില്‍പ്പനയ്ക്കായി എടുക്കാന്‍ കഴിഞ്ഞു.
കിലോയ്ക്ക് 400 രൂപയ്ക്കാണ് വിറ്റത്. എന്നാല്‍ വിപണിയില്‍ 600 രൂപ വരെ വിലയുണ്ടെന്ന് ഫിലിപ്പ് പറയുന്നു. ഇത്തവണയും ഇത്രയും തന്നെ മഞ്ഞള്‍ നട്ടിട്ടുണ്ട്. ഇഞ്ചി പരീക്ഷണാടിസ്ഥാനത്തിലാണ് നട്ടിരിക്കുന്നത്.
കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്നുമുള്ള ഇഞ്ചി തൈകളാണ് നട്ടിരിക്കുന്നത്. വിത്ത് നടുന്നതാണ് ഇഞ്ചി കൃഷിയിലെ രീതി. എന്നാല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം ഇവര്‍ നല്കിയ തൈകള്‍ നടുകയായിരുന്നു. ആറു മാസത്തിനു ശേഷം ഇതിന്റെ വിളവ് എടുക്കാം.
കൊല്ലകേരി പാടത്തിന്റെ കിഴക്കേ പുറംബണ്ടിനോടു ചേര്‍ന്നു കിടക്കുന്ന പുരയിടത്തില്‍ പച്ചക്കറി കൃഷികളും കൊല്ലകേരി പാടത്ത് മൂന്നര ഏക്കര്‍ നെല്‍കൃഷിയും വീടിന്റെ സമീപത്തെ കൈത്തോട്ടിലും കുളത്തിലും മത്സ്യകൃഷിയും എല്ലാം ഫിലിപ്പിന്റെ പരിശ്രമഫലമായി വന്‍ വിജയമായി മറികഴിഞ്ഞു.
പച്ചക്കറികള്‍ക്കൊപ്പം മത്സ്യ കൃഷിയും വിജയകരമായി നടത്തുന്നുണ്ട്. ഒന്നര ഏക്കര്‍ സ്ഥലത്ത് നട്ട കപ്പ നല്ല വിളവാണ് നല്‍കിയത്. നല്ല രുചിയുള്ള കപ്പ നാട്ടുകാര്‍ തന്നെ വീട്ടിലെത്തി വാങ്ങിക്കൊണ്ടുപോകുകയാണ്.
പച്ചക്കറികള്‍ വാഹനത്തില്‍ കുമരകത്തുള്ള കടകളില്‍ വിൽപ്പന നടത്തുകയാണ്. നെല്ല് വിരിപ്പു കൃഷിയാണ്. പാടത്തെ പണികള്‍ മുഴുവനും തന്നെ നടത്തുന്നതിനാല്‍ ന്യായമായ വരുമാനം ലഭിക്കുന്നുണ്ട്. വിത്തുവട്ടിലെ കുടംപുളിക്ക് ഏറെ ഡിമാന്‍ഡാണ്.
കുമരകം പഞ്ചായത്തില്‍നിന്നു മികച്ച കര്‍ഷകനായി ഫിലിപ് വി. കുര്യനെ തെരഞ്ഞെടുത്തിരുന്നു. കുമരകം കൃഷിഭവന് അവാര്‍ഡും ആറ്റാമംഗലം പള്ളി കര്‍ഷക ശ്രീ പുരസ്കാരവും ഉത്തരവാദിത്വ ടൂറിസം മികച്ച കര്‍ഷകനുള്ള അവാര്‍ഡും ഇതിനോടകം ഫിലിപ്പിനെ തേടിയെത്തിയിട്ടുണ്ട്.
കുര്യന് കുമരകം