വടക്കഞ്ചേരി: പാണ്ടാംകോട് പുറമഠത്തിൽ കുഞ്ഞച്ചന്റെ പുരപ്പുറം സവിശേഷ പച്ചക്കറികളുടെ കൗതുകലോകമാണ്. ഉൗട്ടിയിലും മൈസൂരിലുമൊക്കെ വിളയുന്ന കോളിഫ്ളവർപോലെയുള്ള നൂർകോൾ, കാബേജ്, കാരറ്റ്, കോളിഫ്ളവർ, മാനംനോക്കി മുളക്, നല്ലനീളം വരുന്ന കാഷ്മീരി മുളക്, ബജി മുളക്, ഉണക്കമുളക്, ആപ്പിൾ തക്കാളി, ചീരചേന്പ് തുടങ്ങി കൗതുകമുണർത്തുന്ന കാഴ്ചകളാണ് വീടിന്റെ ടെറസിനുമുകളിൽ.
നൂറുകൂട് കാബേജ് തന്നെയുണ്ട്. നല്ല വെയിൽ കിട്ടുന്ന പുരപ്പുറമായതിനാൽ ചെടികളെല്ലാം നന്നായി വളർന്നു വിളയുന്നു. വീട്ടുതൊടിയിലുമുണ്ട് വിസ്മയ വിളകൾ. കൂടാതെ അമര, പടവലം, കോവൽ, നേന്ത്രവാഴ, കോഴിവളർത്തൽ, വിവിധയിനം പൂക്കൾ, റെഡ്ലേഡി പപ്പായ, കപ്പ, കുരുമുളക്, ഫാഷൻഫ്രൂട്ട്, മുള്ളാത്ത തുടങ്ങി അന്പതുസെന്റ് സ്ഥലംനിറയെ വിളകളുടെ സമൃദ്ധിയാണ്. കുഞ്ഞച്ചനെ സഹായിക്കാൻ ഭാര്യ രാജമ്മയും മകൻ ജിജോയും മരുമകൾ ജോസിയും പേരക്കുട്ടികളായ ജെയ്വിനും ജെസ്്ലിനുമൊക്കെയുണ്ട്.
മണ്ണാർക്കാട്, പുല്ലിശേരി കൈതച്ചിറ ഇടവകകളുടെ വികാരിയായ ഫാ. ജിനോ പുറമഠത്തിലിന്റെ വീട്ടിലാണ് ഈ ഹരിതഭംഗി നിറഞ്ഞുനില്ക്കുന്നത്. വീട്ടിൽ വിരുന്നുവരുന്നവരെ കുഞ്ഞച്ചനും രാജമ്മയും സ്വീകരിക്കുക വീട്ടിൽ വിളയുന്ന പഴങ്ങൾ നല്കിയാണ്.വിഷാംശം ഒട്ടുമില്ലാത്ത പൂർണമായും ജൈവരീതിയിൽ കൃഷിചെയ്യുന്ന പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും നാവിൻ കൊതിയൂറുന്ന രുചിയുണ്ട്.
നല്ലപഴങ്ങൾ കഴിക്കാനുള്ള മോഹത്തിൽ എന്തെങ്കിലുമൊക്കെ വിശേഷങ്ങൾ പറഞ്ഞു കുഞ്ഞച്ചന്റെ വീട്ടിലെത്തുന്നവരും കുറവല്ല. ഫാ. ജിനോ വല്ലപ്പോഴും വീട്ടിലെത്തിയാൽ അപ്പച്ചന്റെ പച്ചക്കറി കൃഷി കാണാനാണ് തിരക്കുകൂട്ടുക.
പച്ചക്കറികളും പഴങ്ങളും വടക്കഞ്ചേരിയിൽ കൃഷിവകുപ്പിനു കീഴിലുള്ള ഇക്കോ ഷോപ്പിലാണ് വില്ക്കുക.
ഇതിനാൽ രാവിലെ കടതുറക്കുംമുന്പേ കുഞ്ഞച്ചന്റെ പച്ചക്കറികളുടെ വരവു കാത്തിരിക്കുന്നവരും ഏറെയാണെന്നതും ശ്രദ്ധേയമാണ്.