മങ്കൊന്പ്: കുട്ടനാട്ടിൽ പുഞ്ചകൃഷിക്കായുള്ള നിലമൊരുക്കൽ ജോലികൾ അവസാനഘട്ടത്തിലെത്തി നിൽക്കുന്പോഴും വിതയ്ക്കാവശ്യമായ വിത്തുകിട്ടാൻ ഏറെ വൈകുന്നതു കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വിത്തിന്റെ ലഭ്യത സംബന്ധിച്ച കേരളാ സീഡ് അഥോറിറ്റിക്കും വ്യക്തമായ മറുപടിയില്ല. വിതയാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിലെ സീഡ് അഥോറിറ്റിയുടെ ഗോഡൗണിൽ ഒരു ചാക്ക് വിത്തു പോലും എത്തിയിട്ടില്ല.
ഏകദേശം 26,500 ഹെക്ടറിലാണ് ഇത്തവണ കുട്ടനാട്ടിൽ പുഞ്ചകൃഷിയിറക്കാനുദ്ദേശിക്കുന്നത്. കുട്ടനാട്ടിലെ എച്ച് ബ്ലോക്ക, സി, ഡി ബ്ലോക്കുകൾ, ശ്രീമൂലം കായൽ എന്നിവിടങ്ങളിൽ വിതയ്ക്കു മുന്നോടിയായുള്ള നിലമുഴുന്ന ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി കള കിളിർപ്പിച്ചതിനുശേഷം വെള്ളം കയറ്റി വറ്റിച്ചു വിതയ്ക്കുന്ന ജോലികൾ മാത്രമേയുള്ളു. വറ്റിച്ചുകഴിഞ്ഞാൽ ഒരാഴ്ചയ്ക്കുള്ളിൽ വിത നടത്തിയില്ലങ്കിൽ നിലം വീണ്ടും ഉണങ്ങി കൃഷിയോഗ്യമല്ലാതാകും.
ഏക്കറൊന്നിന് 40 കിലോഗ്രാം വിത്തു വീതമാണ് ആവശ്യമുള്ളത്. 40 മുതൽ 42 രൂപവരെയുള്ള വിത്തിന് കർഷകർ കൃഷിഭവനുകളിൽ നേരത്തെതന്നെ പണമടച്ചു കാത്തിരിക്കുകയാണ്. മുൻവർഷങ്ങളിൽ കർഷകർക്കു വിത്തു സൗജന്യമായിട്ടാണ് ലഭിച്ചിരുന്നത്. കേന്ദ്രസർക്കാർ വിത്തിനുള്ള സബ്സീഡി നിർത്തലാക്കിയതോടെ കേന്ദ്രവിഹിതമായിരുന്ന 20 രൂപ പ്രകാരം കർഷകർ ഇത്തവണ അടയ്ക്കേണ്ടതായിവന്നു.
പണമടച്ചപ്പോൾ ഒക്ടോബർ അഞ്ചിനുള്ളിൽ വിത്തു ലഭിക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വിത്തുകിട്ടാൻ വൈകുമെന്നറിഞ്ഞതോടെ ചില കൃഷിഭവനുകളിൽ വിത്തിനുള്ള പണം വാങ്ങാൻ ഉദ്യോഗസ്ഥർ തയാറാകുന്നുമില്ല. വിത്തുക്ഷാമം സംബന്ധിച്ച വിവരങ്ങളന്വേഷിക്കാൻ ആലപ്പുഴയിലെ ഓഫീസിലെത്തിയ കർഷകർക്കു വിത്തുകിട്ടാൻ ഒരു മാസമെങ്കിലും സമയമെടുക്കുമെന്നാണ് അധികൃതരിൽ നിന്നു ലഭിച്ച മറുപടി.
കേരളാ സീഡ് അതോറിറ്റിയുടെ വിത്താണ് കുട്ടനാട്ടിലെ കർഷകർക്ക് സർക്കാരിൽ നിന്നും ലഭ്യമാക്കുന്നത്. വിത്തിനാവശ്യമായ നെല്ല് പാലക്കാടു നിന്നുമാണ് അഥോറിറ്റി സംഭരിക്കുന്നത്. എന്നാൽ പാലക്കാട് വിളവെടുപ്പ് നടക്കുന്നതേയുള്ളു. വിളവെടുത്ത നെല്ല് 30 ദിവസത്തെ ഉണക്കു കിട്ടിയെങ്കിലെ വിത്തിനു പാകമാകുകയുള്ളു. അങ്ങനെ നോക്കുന്പോൾ വിത്തു ലഭിക്കാൻ കുറഞ്ഞത് ഈമാസം അവസാനം വരെയെങ്കിലും കാത്തിരിക്കണമെന്നാണ് സിഡ് അഥോറിറ്റി അധികൃതർ കർഷകരോട് പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ വിത്തുകിട്ടാൻ നവംബർ പകുതിവരെ എങ്കിലും കാത്തിരിക്കേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്. നാഷണൽ സീഡ് കോർപ്പറേഷനിലും ഇപ്പോൾ വിത്തു ലഭ്യമല്ലെന്നാണ് കർഷകർക്കു ലഭിക്കുന്ന വിവരം. കുട്ടനാട്ടിലെ പരന്പരാഗത കൃഷിരീതിയനുസരിച്ച് തുലാം ആദ്യം (ഒക്ടോബർ പകുതിയോടെ) വിതയ്ക്കുകയാണ് പതിവ്. അങ്ങനെ വന്നാൽ വിത്തു കിളിർപ്പിച്ചു വിതയ്ക്കുന്പോൾ നവംബർ പകുതി വരെയാകും.
ഇതു പുഞ്ചകൃഷിയെ ദോഷകരമായി ബാധിക്കും. ഈ മാസം അവസാനം വിതച്ചെങ്കിലെ മാർച്ച ആരംഭത്തിൽ വിളവെടുപ്പു നടത്താൻ പറ്റുകയുള്ളു. പിന്നെയും വിളവെടുപ്പു വൈകിയാൽ കൃഷിക്ക് ഉപ്പുവെള്ളഭീഷണിയുണ്ടാകും. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിട്ടാലും കുട്ടനാടൻ ജലാശയങ്ങളിലേക്കു ഉപ്പുവെള്ളം കയറുന്നത് എല്ലാ വർഷവും പതിവാണ്്. അങ്ങിനെ വന്നാൽ വൻകൃഷി നാശം സംഭവിക്കും. വേനൽ ആരംഭിക്കുന്നതോടെ കടൽവെള്ളം കുട്ടനാട്ടിലേക്കു കയറാൻ കാരണമാകുന്ന ഓരുമുട്ടുകളും അടയ്ക്കുന്ന പതിവില്ല.