കടുത്തുരുത്തി: കാർഷിക വായ്പ ലഭിക്കുന്നതിന് ഇനി മുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം. വായ്പയ്ക്കു അപേക്ഷിക്കുന്നയാൾ കർഷകനാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിബന്ധന. കൃഷി ആവശ്യങ്ങൾക്കല്ലാതെ കാർഷിക വായ്പ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കൃഷി വകുപ്പിന്റെ ഇടപെടൽ. വായ്പ ദുരുപയോഗവുമായി ബന്ധപ്പെട്ട് മുന്പ് പലവിധ ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
ഇക്കാര്യത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യാപകമായി ദുരുപയോഗം നടന്നതായി കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തിൽ ഇങ്ങനെയൊരു നിർദേശം വന്നിരിക്കുന്നത്. പലിശയിളവ് മുതലെടുത്ത് വായ്പയെടുത്തവരിൽ ഭൂരിഭാഗവും കർഷകരല്ലെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ.
കൂടാതെ പ്രളയം ബാധിച്ച കർഷകരുടെ വായ്പയക്ക് മൊറട്ടോറിയം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പോലും ദുരുപയോഗം മൂലം നടക്കാത്ത സാഹചര്യമാണ്. വായ്പ ദുരുപയോഗം കർഷകരെയാണ് ഏറേ ബാധിക്കുന്നത്. സ്വർണപണയത്തിൽ ബാങ്കുകൾ കാർഷിക വായ്പ നൽകുന്നതിനെതിരെ റിസർവ് ബാങ്കിന് പരാതി നൽകാൻ തയാറെടുക്കുകയാണ് കൃഷി വകുപ്പ്.
ഇത്തരത്തിൽ വായ്പ നൽകുന്നതിന് കർശന നിയന്ത്രണം നൽകുന്ന നിയമനിർമാണമാണ് ആവശ്യം. സഹകരണ ബാങ്കുകൾ അടക്കം വിവിധ ബാങ്കുകൾ അടുത്ത ബന്ധുക്കൾക്കും മറ്റുള്ളവർക്കും വായ്പ നൽകുകയാണ് ചെുയ്യുന്നതെന്നും വ്യാപക പരാതിയുണ്ട്. ഇത്തരത്തിലുള്ള വായ്പയ്ക്കു നാല് ശതമാനം മാത്രമാണ് പലിശ ഈടാക്കുന്നത്. ഇത്തരത്തിൽ പലിശ കുറവായതിനാൽ കാർഷിക വായ്പയ്ക്കു ആവശ്യക്കാർ ഏറേയാണ്.
ഇത്തരത്തിൽ ബാങ്കുകളിൽ നിന്ന് വായ്പ നൽകിയത് കോടിക്കണക്കിന് രൂപയാണ്. കർഷകർക്ക് കേന്ദ്രസർക്കാർ അനുവദിച്ച പലിശയിളവാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. കാർഷിക വായ്പക്കായി ഭൂമിയുടെ നികുതിയടച്ച രസീത് നൽകിയാൽ മതിയെന്ന നേട്ടവുമുണ്ട്. കുറഞ്ഞ പലിശയക്ക് വായ്പയെടുത്ത് ഈ തുക അതേ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുന്നവർ പോലും നിരവധിയാണ്.
ഇതിനാൽ ബാങ്കുകളും വായ്പാ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. എന്നാൽ കർഷകനെന്ന പേരിൽ വായ്പയെടുത്തവരിൽ പലരും അടുക്കളത്തോട്ടം പോലും സ്വന്തമായില്ലാത്തവരാണേന്നതാണ് യാഥാർത്ഥ്യം. ഇതേസമയം യഥാർഥ കർഷകർ കൂടിയ പലിശയ്ക്കു വായ്പയെടുക്കേണ്ട സ്ഥിതിയാണ് ഉള്ളത്. വായ്പ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് വായ്പയെടുത്തവരുടെ വിവരങ്ങൾ ബാങ്കുകളും ശേഖരിച്ചു തുടങ്ങി.