പറപ്പൂർ: പറപ്പൂർ ചെല്ലിപ്പാടത്തെ കൃഷി വെള്ളത്തിൽ മുങ്ങി. മൂന്നാഴ്ചയോളം പ്രായമായ നെൽചെടികൾ വെള്ളത്തിൽ മുങ്ങി. 55 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ നെൽകൃഷിയാണു വെള്ളത്തിൽ മുങ്ങിയത്. മഴ ഇനിയും തുടരുകയാണെങ്കിൽ കൃഷി സംരക്ഷിക്കാമെന്ന പ്രതീക്ഷയ്ക്കു വകയില്ലെന്നു കർഷകർ പറയുന്നു.
പടവിൽനിന്നും വെള്ളം ഒഴിഞ്ഞു പോകാത്ത അവസ്ഥയാണ്. അടിയന്തരമായി സമീപത്തെ നായ്ക്കൻ കാളിപ്പാടം തോട് താഴ്ത്തുകയും മണ്ണ് നീക്കം ചെയ്യുകയാണെങ്കിൽ വെള്ളം സുഗമമായി ഒഴുകി പോകുമെന്നും കർഷകർ ചൂണ്ടിക്കാട്ടി.
തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ, ജനപ്രതിനിധികളായ സരസമ്മ സുബ്രഹ്മണ്യൻ, ഷീന വിത്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പാടം സന്ദർശിച്ചു.
പാവറട്ടി: അന്നകര ചിറയ്ക്കൽ താഴം പടവിൽ നടുന്നതിനായി തയാറാക്കിയ നെൽചെടികൾ വെള്ളത്തിൽ മുങ്ങി നശിക്കുന്നു. സെപ്റ്റംബർ 29നാണ് പടവിൽ ഞാറ്റടി തയാറാക്കി വിത്തിട്ടത്.
ഉമ വിത്ത് ഉപയോഗിച്ചായിരുന്നു കൃഷിയിറക്കിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ പത്തുദിവസം പ്രായമായ നെൽചെടികൾ ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
പടവിൽ വെള്ളം വറ്റിക്കാനും കഴിയുന്നില്ലെന്നു പടവ് കമ്മിറ്റി ഭാരവാഹികളായ സി.കെ. രാമകൃഷ്ണൻ, സി.വി. ലക്ഷ്മണൻ, എം.എസ്. സൈജു എന്നിവർ പറഞ്ഞു.
പുന്നയൂർക്കുളം: ശക്തമായ മഴയെ തുടർന്ന് കൃഷിനശിക്കുമോയെന്നു കർഷകർക്ക് ആശങ്ക. പുന്നയൂർക്കുളം, വടക്കേക്കാട്, പുന്നയൂർ പഞ്ചായത്തുകളിലായി കുട്ടാടൻ പാടശേഖരത്ത് കൃഷിയിറക്കിയ കർഷകരാണു ദുരിതത്തിലായത്.
ഇവിടെ ആദ്യമഴയിൽ നാശം സംഭവിച്ചപ്പോൾ കൃഷിഭവനിൽനിന്നു നൽകിയ വിത്തിറക്കിയാണ് ഞാറു നട്ട് രണ്ടാം കൃഷിയിറക്കിയത്.
ഇപ്പോഴുണ്ടായ മഴയിൽ ഇതും വെള്ളം മുങ്ങി കിടക്കുകയാണ്. ഇനി വെള്ളം ഇറങ്ങാതെ കൃഷിയിറക്കാൻ സാധിക്കാത്ത നിലയിലാണ് കർഷകർ.
മനക്കൊടി: അരിന്പൂർ പഞ്ചായത്തിലെ കൃഷ്ണൻകോട്ട പടവിലെ 157 ഏക്കർ പാടത്തേക്കായി തയാറാക്കിയ 4000 കിലോ ഞാറ്റടിയിൽ വിതച്ചു വിത്തു മുളച്ചില്ലെന്നു പരാതി.
ആറുദിവസം മുന്പു വിതച്ച വിത്തു മുള പൊട്ടിയ ശേഷം പൊടുന്നനെ കരിയുന്നതിൽ കർഷകർക്ക് ആശങ്ക. പടവിലെ 12 ഏക്കറിൽ തയാറാക്കിയ ഞാറ്റടിയാണു പൂർണമായും നശിച്ചത്
. വിത്തിന്റെ ഗുണനിലവാര കുറാവാകം മുളയ്ക്കാതിരിക്കാൻ കാരണമെന്നാണു കർഷകരുടെ വിലയിരുത്തൽ. 1,68,000 രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
167 കൃഷിക്കാരാണ് ഈ പടവിൽ കൃഷിയിറക്കിയിട്ടുള്ളത്. കനത്ത നഷ്ടം നികത്താൻ സർക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ വേണമെന്നും പടവ് പ്രസിഡന്റ് മാന്പുള്ളി ധർമരാജനും സെക്രട്ടറി എം.ടി. ജോസും വാർഡ് കമ്മിറ്റിയംഗം സിന്ധു സഹദേവനും ആവശ്യപ്പെട്ടു.