വടക്കഞ്ചേരി: മിഥുനം പകുതിയായിട്ടും കാലവർഷം മടിച്ചുനില്ക്കുന്നത് വരുംമാസങ്ങളിൽ കാർഷിക മേഖലയ്ക്ക് കനത്ത പ്രഹരമാകുമെന്ന് വിലയിരുത്തൽ. പ്ലാസ്റ്റിക് ഇട്ട് റബർതോട്ടങ്ങളിൽ ടാപ്പിംഗ് ആരംഭിക്കേണ്ട സമയമാണെങ്കിലും മഴപെയ്ത് തണുപ്പാകാത്തതിനാൽ പാൽ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കർഷകർ പറയുന്നു.
മഴയില്ലാത്തതിനാൽ റബർ റീപ്ലാന്റ് ചെയ്ത കർഷകരും ഏറെ വിഷമത്തിലാണ്. നടീൽ കഴിഞ്ഞ റബർതൈകൾക്ക് ഇപ്പോൾ മഴ ലഭിച്ചില്ലെങ്കിൽ തൈകൾ വാടും.പച്ചക്കറി കൃഷിയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. തൈ ഉത്പാദനകേന്ദ്രങ്ങളിൽനിന്നും തൈകളുടെ വിതരണം നടന്നിട്ടില്ല. പച്ചക്കറിതൈകളെല്ലാം വലുതായി മൂപ്പെത്തി തുടങ്ങി.
മഴയില്ലാത്തതിനാൽ വില്പനയ്ക്ക് എത്തിച്ചിട്ടുള്ള പച്ചക്കറി തൈകൾ ആരും വാങ്ങുന്നില്ലെന്ന് കൃഷിഭവനു കീഴിൽ വടക്കഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പ് അധികൃതർ പറഞ്ഞു. നെൽകൃഷിയും വലിയ പ്രതിസന്ധിയിലാണ്.
മഴയില്ലാത്തതിനാൽ കളപെരുകി അത് നീക്കം ചെയ്യാൻ തന്നെ വലിയ തുക മുടക്കേണ്ട ഗതികേടിലാണ് കർഷകർ. പാടങ്ങളിൽ വെള്ളമായിട്ടില്ല. ഒന്നാംവിള പൊടിവിത നടത്താതെ രണ്ടാംവിള നടീൽ നടത്താമെന്ന് കരുതി ഞാറു തയാറാക്കിയവരും വെട്ടിലായി. മഴ കുറഞ്ഞാൽ പറന്പുകളിലെ നാളികേരം ഉൾപ്പെടെയുള്ള വിളകളുടെ ഉത്പാദനം കുറയുന്നതിനൊപ്പം ഉണക്കഭീഷണിയുമുണ്ടാകും.