തൃശൂർ: കൃഷിക്കാരുടെ വരുമാനം ഉയർത്താൻ കാർഷിക സർവകലാശാലയുടെ സാങ്കേതികത്വം ഉപയോഗിച്ച് പദ്ധതികൾ നടപ്പിലാക്കണമെന്നു ജലവിഭവ മന്ത്രി കെ കൃഷ്ണൻ കുട്ടി. നടത്തറ പഞ്ചായത്തിലെ മുളയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘാടനവും സ്വിച്ച് ഓണ്‍ കർമവും നിർവഹിക്കുകയായിരുന്നു മന്ത്രി. കമ്യൂണിറ്റി ഇറിഗേഷൻ വഴി അതിവിപുലമായ കരകൃഷി സാധ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. രാജൻ എംഎൽഎ അധ്യക്ഷനായി. പദ്ധതിക്കു സ്ഥലം വിട്ടു നല്കിയവർക്കുള്ള മെമന്റോയും മന്ത്രി വിതരണം ചെയ്തു. മുളയം കൊഴുക്കുള്ളി വില്ലേജുകളിൽ ഉൾപ്പെട്ട 90 ഹെക്ടറിൽ ചെയ്തുവരുന്ന കൃഷിയിൽനിന്ന് അധിക വിളവ് ലഭിക്കുന്നതിനും അതു വഴി ഉത്പാദന ക്ഷമതയും അധിക വരുമാനവും ഉറപ്പാക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും ഉദ്ദേശിച്ചുള്ളതാണ് മുളയം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. മണലിപ്പുഴയിലെ ജലസന്പത്താണ് സ്രോതസായി ഉപയോഗപ്പെടുത്തുന്നത്.
പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എ. ജോഷി, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആശ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു.