ആലപ്പുഴ: കാർഷിക കടത്തിേന്മേലുള്ള മൊറിട്ടോറിയത്തിന്റെ വായ്പാകാലാവധി 2020 ഡിസംബർ 31 വരെ നീട്ടി പ്രഖ്യാപിക്കുവാൻ സർക്കാർ തയാറാകണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. വായ്പാ കാലഘട്ടത്തിലെ പലിശ പൂർണമായും സർക്കാർ ഏറ്റെടുക്കണമെന്നും യോഗം ആവശ്യം ഉന്നയിച്ചു.
ഈ ആവശ്യമുന്നയിച്ച് നിരവധി നിവേദനങ്ങൾ ജില്ലാതലം മുതൽ കൃഷിവകുപ്പിനും മുഖ്യമന്ത്രിക്കും നൽകിയിട്ടും യാതൊരു അനുകൂല നീക്കവും ഉണ്ടാകാത്തതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പ്രകൃതി ദുരന്തത്തിലുണ്ടായ നാശനഷ്ടംമൂലം വായ്പാതുക തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാത്ത കർഷകർക്കു സർക്കാർ താങ്ങായി മാറണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ ചേർന്ന നേതൃസമ്മേളനത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. പ്രദീപ് കൂട്ടാല, സിബി കല്ലുപാത്ര, ജോർജ് തോമസ് ഞാറക്കാട്ട്, പി.റ്റി. രാമചന്ദ്രൻ നായർ, അബ്ദുൾ മജീദ്, രാജൻ മേപ്രാൽ, ജോമോൻ കുമരകം, സാജൻ മേപ്പാടം, എം.കെ. പരമേശ്വരൻ, ഡേവിസ് മാത്യു കുന്നംകുളം എന്നിവർ പങ്കെടുത്തു.