കോട്ടയം: കാൽനൂറ്റാണ്ടായി തരിശായി കിടന്ന മുപ്പായിക്കാട് പൂഴിക്കുന്ന് പാടശേഖരത്തിൽ വിത്തുവിതച്ചു. വിത മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൊബിലിറ്റി ഹബിനായി നികത്തുന്നതിന് അനുവദിച്ച പാടമാണിത്.
പിന്നീട് ഉത്തരവ് റദ്ദാക്കി കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. കാടുപിടിച്ചുകിടന്ന 200 ഏക്കർ നിലം രണ്ടു മാസംകൊണ്ടാണ് തെളിച്ചെടുത്തത്. മീനച്ചിലാർ-മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മ മണിപ്പുഴ തോട് തെളിച്ചു. ഇതിനു മുന്നോടിയായി കോട്ടയം നഗരസഭ മുൻകൈയെടുത്താണ് ഈരയിൽകടവ് തോട് തെളിച്ചത്.
പിന്നീട് വൈദ്യുതി കണക്ഷൻ ലഭ്യമാക്കി മോട്ടോർ തറ സ്ഥാപിച്ച് വെള്ളം പന്പ് ചെയ്ത് പാടം കൃഷിയോഗ്യമാക്കി. ഇന്നു രാവിലെ നടന്ന വിതമഹോത്സത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം നഗരസഭാ ചെയർപേഴ്സണ് ഡോ.പി.ആർ.സോന, മീനച്ചിലാർ-മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ കോ-ഓർഡിനേറ്റർ കെ.അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.