വിതുര: ലോക്ക് ഡൗൺ കാലത്തു നേരമ്പോക്കുകളിൽ ആദ്യം കടന്നു കൂടിയ കൃഷിയിപ്പോൾ പലരുടെയും ജീവിതത്തിന്റെ ഭാഗമായെന്നു പറയാം. കൃഷിഭവനുകളിലും പാരമ്പര്യ കർഷകരുടെ വീടുകളിലും വിത്ത് തേടിയെത്തുന്നവരിൽ ദിവസേന എണ്ണം കൂടുന്നതായാണു കണക്ക്.
പയർ, വെണ്ട, വഴുതന, പാവൽ, മുളക്, ചീര, മത്തൻ തുടങ്ങി നാട്ടിലെ മണ്ണിൽ സുലഭമായി വളരുന്നതെന്തും വീട്ടു വളപ്പിൽ നിറഞ്ഞു കഴിഞ്ഞു. വേനൽ മഴ ലഭിച്ചതു ഒരു പരിധി വരെ കൃഷിയുടെ പുരോഗതിയെ നന്നായി തന്നെ സ്വാധീനിച്ചു.
വള പ്രയോഗത്തിനായി ചാരവും ഭക്ഷണ അവശിഷ്ടങ്ങളും ഉപയോഗപ്പെടുത്തുന്നുവെന്നതു മാതൃകാപരം. കൃഷി ഉദ്യോഗസ്ഥരുടെ നിർദ്ദേശം പലരും തേടുന്നുണ്ടെങ്കിലും വീട്ടിലെയോ വീടിനു അടുത്തോ ഉള്ള മുതിർന്നവരുടെ ഉപദേശവും പ്രയോജനപ്പെടുത്തുന്നുണ്ട്.
പച്ചക്കറി വിളകൾക്കു പുറമെ ചേന, ചേമ്പ്, മരച്ചീനി, വാഴ തുടങ്ങിയവയും ഉദ്യാന വിളകളും നിറഞ്ഞു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് കായ് ഫലം കിട്ടുന്ന പ്ലാവ്, തെങ്ങ്, മാങ്ങ എന്നിവയും വച്ചു പിടിപ്പിക്കുന്നു.
കൈത ചക്കയാണു തോട്ടങ്ങളിൽ നിറയുന്ന മറ്റൊരു പ്രധാന വിള. ഇടവിളയായി നടാവുന്ന ഏതിനും കർഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. വീട്ടു വളപ്പിലോ പുരയിടത്തിലോ കൃഷി ചെയ്യാൻ സ്ഥലമില്ലാത്തവർ ഗ്രോബാഗുകളില്‍ മട്ടുപ്പാവിൽ കൃഷി ചെയ്യുന്നു.
ലോക് ഡൗൺ കാലത്തു ഗ്രോ ബാഗുകളുടെ വിൽപ്പന വർധിച്ചതായി വ്യാപാരികൾ പറയുന്നു.ഗ്രോബാഗ് കിട്ടാത്തവർ പഴയ ചാക്കുകളും മറ്റും കൃഷിയ്ക്കു ഉപയോഗിക്കുന്നു. കൃഷിയ്ക്കു പ്രായ ഭേദമില്ലെന്നതാണു ലോക്ക് ഡൗണ്‍ കാലം തെളിയ്ക്കുന്നത്.
അൻപത് സെന്റിൽ കൃഷിയിറക്കിയ വിതുര ഗവ: വിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി മൃദുൽ കൃഷ്ണയും സ്കൂളിൽ നിന്നും കിട്ടിയ പയർ വിത്ത് വീട്ടു വളപ്പിൽ നട്ടുവളർത്തി വിളവെടുപ്പിനു സജ്ജമാക്കിയ ആര്യനാട് മീനാങ്കൽ ഗവ: ട്രൈബൽ ഹൈസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി അഭിനവും കൃഷിയുടെ കുട്ടി മാതൃകകളാണ്.
ചിലയിനം വിളകളുടെ വിത്ത് കിട്ടാൻ ബുദ്ധിമുട്ടാണെങ്കിലും ‘വിത്ത് ബാങ്കെ’ന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് അതിനു സഹായകമാകുന്നു. ലോക്ക് ഡൗൺ കാലത്തു ഗ്രൂപ്പ് കർഷകർക്കു നൽകിയ പിന്തുണ ചെറുതല്ല. നിലവിൽ അര ലക്ഷത്തോളം അംഗങ്ങളാണു ഗ്രൂപ്പിലുള്ളത്. അസംഖ്യം വാട്ട്സാപ്പ് ഗ്രൂപ്പുകളും കൃഷിയ്ക്കായി സജ്ജമാണ്.