മൂവാറ്റുപുഴ: വെള്ളിയാഴ്ച വൈകുന്നേരം വീശിയടിച്ച ഗജ ചുഴലിക്കാറ്റ് മേഖലയിൽ നാശം വിതച്ചു. വാളകം, ആയവന പഞ്ചായത്തുകളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നാശനഷ്ട കണക്കുകളുടെ വിലയിരുത്തൽ പൂർത്തിയായി.
വാളകത്ത് 15 ലക്ഷം രൂപയുടെയും ആയവനയിൽ 10 ലക്ഷം രൂപയുടെയും കൃഷി നാശമാണ് സംഭവിച്ചത്.
വാളകത്ത് വാഴ, ജാതി, റബർ, കപ്പ തുടങ്ങിയ വിളകളെയാണ് പ്രധാനമായും കൊടുങ്കാറ്റ് ബാധിച്ചത്. നിരവത്ത് തോമസ്, വെളിയത്ത് രാമചന്ദ്രൻ നായർ, സി.എസ്. മോഹനൻ, സുരേഷ് പുന്നിലത്തിൽ, സിജി എവനാച്ചൻ തേക്കിലക്കാട്ട്, ചാക്കോ മനയത്ത്, സജി ഓലിക്കൽ എന്നിവരുടെ കൃഷിയിടങ്ങൾ ജനപ്രതിനിധികളായ പി. എ രാജു, പി.യാക്കോബ്, കൃഷി ഓഫീസർ വി.പി.സിന്ധു എന്നിവർ സന്ദർശിച്ചു.
ആയവന പഞ്ചായത്തിലെ ഏനാനെല്ലൂർ, മുല്ലപുഴച്ചാൽ, ആയവന, പുന്നമറ്റം, കടുംപിടി, കാലാന്പൂര്, കാവക്കാട് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. മംഗലശേരിയിൽ എം.പി.സണ്ണി, മാർക്കരയിൽ ബേബി, മുറിതോട്ടത്തിൽ എം.കെ. രവി, കിഴക്കേടത്ത് കെ.വി. ജോയി, നെടുപറന്പിൽ സുഹറ ഉമ്മർ, കുറവക്കാട്ട് സാജു, നെടുപറന്പിൽ ഫ്രാൻസിസ് ചാക്കോ, പട്ടംമാവുടിയിൽ ഹബീബ് തുടങ്ങി നിരവധി കർഷകരുടെ കാർഷിക വിളകളാണ് കാറ്റിൽ നിലം പൊത്തിയത്.
പ്രദേശത്തെ നിരവധി വീടുകൾക്കും മരങ്ങൾ വീണ് കേടുപാടുകൾ സംഭവിച്ചു. നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം. അലിയാർ, സ്ഥിരം സമിതി ചെയർമാൻമാരായ പി.എസ്.അജീഷ്, കെ.കെ.ശിവദാസ്, ദീപാ ജിജിമോൻ, നഗരസഭാംഗങ്ങളായ സിന്ധു ബെന്നി, ജൂലി സുനിൽ, കൃഷി ഓഫീസർ ബോസ് മത്തായി, കൃഷി അസിസ്റ്റന്റ് വി.ആർ.രശ്മി, ടി.എം.സുഹറ എന്നിവർ സന്ദർശിച്ചു.
കൃഷിനാശം ബാധിച്ച കർഷകർ കരമടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ നൽകണമെന്നു കൃഷി ഓഫീസർ അറിയിച്ചു.