വടക്കഞ്ചേരി: മലയോരപ്രദേശങ്ങളിൽ ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ പച്ചക്കറി, വാഴക്കായ വിപണികളിൽ ഉത്പന്നക്ഷാമം രൂക്ഷമാകുന്നു.അധികമഴയും തുടർന്നുണ്ടായ അതിവേനലിനുമൊപ്പം ആനയും പന്നിയും മയിലുമെല്ലാം തോട്ടങ്ങളിൽ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതാണ് പച്ചക്കറിക്കും വാഴക്കായയ്ക്കും ക്ഷാമം നേരിടാൻ ഇടയാക്കുന്നത്.
വിഎഫ്പിസികെയുടെ പാളയത്തെ വിപണനകേന്ദ്രത്തിൽ ദിനംപ്രതി രണ്ടു ടണ്‍വരെ പച്ചക്കറിയും വാഴക്കായ ഇനങ്ങളുമാണ് വന്നിരുന്നത്. ഇപ്പോൾ നൂറോ ഇരുന്നൂറോ കിലോ മാത്രമായെന്ന് സംഘം ഭാരവാഹികളായ ബിജു, തോമസ് എന്നിവർ പറഞ്ഞു.മൂന്നു നാലുമാസങ്ങളായി കിഴക്കഞ്ചേരിയുടെ മലയോരങ്ങളിൽനിന്നുള്ള പച്ചക്കറിയുടെയും കായയുടെയും വരവ് നിലച്ചു. കൃഷിയെല്ലാം ആനക്കൂട്ടം ഇറങ്ങി നശിപ്പിക്കുകയാണ്.
അരനൂറ്റാണ്ടായി കാട്ടാനക്കൂട്ടം ഇറങ്ങാത്ത ജനവാസകേന്ദ്രങ്ങളിലാണ് ആനകളിറങ്ങി കൃഷിക്ക് നാശമുണ്ടാക്കുന്നത്. വാഴക്കൂന്പും പിണ്ടിയുമാണ് ആനകൾ തിന്നുന്നത്. കുലവരുന്നതും കുലച്ചവാഴകളുമാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്. 2018ൽ 855 ടണ്‍ പച്ചക്കറി പാളയത്തെ സംഘത്തിൽ വില്പനയ്ക്ക് എത്തിയിരുന്നു. എന്നാൽ ഈവർഷം അത് പകുതിപോലും ആയിട്ടില്ല.
കണിച്ചിപ്പരുതയ്ക്കയ്ക്കടുത്ത് പൂതനക്കയം, പിട്ടുക്കാരി കുളന്പ്, കണിച്ചിപ്പരുത കോണ്‍വന്റ്, പനംങ്കുറ്റി തുടങ്ങിയ ഭാഗങ്ങളിൽ കഴിഞ്ഞ ആറുമാസമായി ആനശല്യം രൂക്ഷമാണ്.പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽനിന്നുള്ള ആനകളാണ് ഇവിടെ ശല്യക്കാരാകുന്നത്.
സന്ധ്യമയങ്ങുന്നതോടെ നാട്ടിലിറങ്ങുന്ന ആനകൾ പിറ്റേന്ന് പുലർച്ചെയാണ് തിരിച്ചുപോകുക. ബഹളം വച്ചാലും പടക്കം പൊട്ടിച്ചാലും ആനകൾക്ക് പേടിയില്ല. കാട്ടുമൃഗങ്ങളെ ഒഴിവാക്കാൻ നടപടി വേണമെന്ന് നിരവധി കർഷക കൂട്ടായ്മകൾ വനംവകുപ്പിനും എംഎൽഎ ഉൾപ്പെടെയുള്ളവർക്കും ഒട്ടേറെ നിവേദനങ്ങൾ നല്‍കിയിട്ടും ഫലപ്രദമായിട്ടില്ല.