എറവ്: രജമുട്ട് പടവിൽ പടവ് കമ്മിറ്റി സെക്രട്ടറിയുടെ കതിര് വന്ന നെൽക്കൃഷി റൗണ്ടപ്പ് എന്ന കളനാശിനിയടിച്ച് സാമൂഹ്യ ദ്രോഹികൾ രാത്രിയുടെ മറവിൽനശിപ്പിച്ചതായി അന്തിക്കാട് പോലീസിൽ പരാതി.സെക്രട്ടറി പി.കെ.ലാൽ പാട്ടത്തിനെടുത്ത് ചക്കി മുന ഭാഗത്ത്കൃഷി ചെയ്യുന്ന ഏഴു പറ നിലത്തെ നിറകതിർ വന്ന നെൽക്കൃഷിയാണ് നശിപ്പിച്ചത്.
രണ്ടു ദിവസം മുന്നേ കൃഷിയിടത്തിൽ ലാൽ വന്ന് നോക്കിയപ്പോൾ നല്ല വിളവിന് പാകമായ രീതിയിലാണ് നെൽച്ചെടികളിൽനിറക്കതിർ കണ്ടത്.പിന്നീട് ഒരു ബന്ധുവിളിച്ച് പറഞ്ഞ് വന്ന് നോക്കിയപ്പോഴാണ് നെല്ലിന്റെ ഇലകളെല്ലാം കരിഞ്ഞ് നിൽക്കുന്നത് കണ്ടത്. പുല്ല് നശിപ്പിക്കാൻ കർഷകർ അടിക്കുന്ന റൗണ്ടപ്പ് നെൽച്ചെടികളിൽ അടിച്ചിരിക്കുകയാണെന്ന് പരാതിയെ തുടർന്ന് കൃഷി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്.
പരാതിയെ തുടർന്ന് കാർഷിക സർവകലാശാല ഉദ്യോഗസ്ഥ രും അരിന്പൂർ കൃഷിഭവൻ ഉദ്യോഗസ്ഥരും പാടത്ത് വന്ന് പരിശോധന നടത്തി. സ്വന്തമായും പാട്ടത്തിനെടുത്തും 36 പറ നിലത്താണ് ലാലിന്റെ കൃഷി. പടവ് സെക്രട്ടറിയായതിനാൽ ദിവസേന രാവിലെ 7 മുതൽ വൈകീട്ട് 5.30 വരെ പടവിൽ പതിവായുണ്ടാകാറുണ്ടെന്ന് ലാൽ പറഞ്ഞു.
രാത്രിയുടെ മറവിലാകാം സംഭവമെന്ന് കരുതുന്നതായി സംശയിക്കുന്നതായും .പരാതി നൽകിയിട്ടും അന്തിക്കാട് പോലിസ് അന്വേഷണം നടത്തിയിട്ടില്ലെന്നും ലാൽ പരാതിപ്പെട്ടു.