പുന്നംപറമ്പ്: വന്യമൃഗങ്ങളുടെ അക്രമണങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനെ കുറിച്ച് ചർച്ചകളും നിയമനിർമാണങ്ങളും അധികൃതർ മുറക്ക് നടത്തുന്പോഴും മണ്ണിൽ പൊന്നുവിളയിക്കാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകന് കൂട്ട് ദുരിതം മാത്രം.
കാട്ടുപന്നികളും മാനുകളുമൊക്കെ കൃഷിയിടങ്ങളിലെത്തുന്പോൾ കുരങ്ങുകളും മയിലുകളും മലയണ്ണാനുമൊക്കെ തോട്ടങ്ങളിൽ വൻതോതിൽ ആക്രമണം നടത്തുകയാണ് ഇവയെ നിയന്ത്രിക്കാനാകാതെ കർഷകരും അധികൃതരുമൊക്കെ ഇരുട്ടിൽ തപ്പുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉള്ളത്.
തെക്കുംകരയിലും സമീപപ്രദേശങ്ങളിലും വന്യമ്യഗങ്ങളുടെ ശല്യം വർധിച്ചു വരികയാണ്. പന്നികളും മയിലുകളുമാണ് വൻതോതിൽ കൃഷി നശിപ്പിക്കുന്നത്. കൂടാതെ ജനവാസ മേഖലയിൽവരെ ഇവ വിലസുകയാണ്. ഉൗരോക്കാട്, മങ്കര, വാഴാനി, വീരോലിപ്പാടം, പഴയന്നൂപ്പാടം, പന്നിശ്ശേരി, വടക്കാഞ്ചേരി നഗരസഭയിലെ അകമല, എങ്കക്കാട് എന്നീ പ്രദേശങ്ങളിലെല്ലാം കൃഷി ചെയ്യുന്ന കർഷകർക്ക് വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
കൃഷിയിടങ്ങൾ മുഴുവൻ കാട്ടുപന്നികളുടെയും, മയിലുകളുടെയും പിടിയിലാണ്. തെക്കുംകര പഞ്ചായത്ത് മച്ചാട് മലകൾ കൊണ്ടു ചുറ്റപ്പെട്ടതുകൊണ്ട് വനത്തിൽ നിന്ന് പന്നികൂട്ടങ്ങൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ കന്പിവേലി കെട്ടിയും മറ്റ് സുരക്ഷാമാർഗ്ഗങ്ങളും സ്വീകരിച്ച് വന്യമൃഗങ്ങളെ അകറ്റാൻ കർഷകർ ശ്രമം നടത്തുന്നുണ്ടെങ്കിലും ഒന്നും തന്നെ ഫലം കണ്ടിട്ടില്ല.
പരാതി കേൾക്കാൻ അധികൃതരും തയ്യാറാകുന്നില്ല എന്ന പരാതിയും കർഷകർഉന്നയിക്കുന്നു.കൂടാതെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കിടങ്ങുകൾ നിർമ്മിക്കണമെന്നും വന്യമൃഗങ്ങൾക്ക് ആവശ്യമായ വെള്ളം വനത്തിൽ തന്നെ ഉറപ്പു വരുത്താൻ ജലാശയങ്ങൾ രൂപപ്പെടുത്തണമെന്നുള്ള കർഷകരുടെ നീണ്ട കാല ആവശ്യം അധികൃതരുടെ ബധിരകർണ്ണങ്ങളിലാണ് ചെന്ന് പതിക്കുന്നത്.