കുമരകം: നെൽകർഷകരുടെ സ്വപ്നങ്ങൾ തകർത്ത വെള്ളമിറങ്ങാൻ വൈകുന്നത് പുഞ്ചകൃഷിയെ ബാധിക്കും. വിരിപ്പുകൃഷിയുടെ വിത മുതൽ കതിരിട്ട നെൽച്ചെടികളെവരെയാണു പ്രളയം വിഴുങ്ങിയത്. കൃഷിയെ എങ്ങനെയെങ്കിലും രക്ഷിക്കാൻ കർഷകർ രാവും പകലും പാടത്തിന്റെ പുറംബണ്ടിൽ നടത്തിയ രക്ഷാദൗത്യവും വെള്ളപ്പൊക്കം തുടച്ചുനീക്കി.
കോട്ടയം നഗരസഭ, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, വെച്ചൂർ, വെള്ളൂർ, ഇടയാഴം, ടിവി പുരം, നീണ്ടൂർ പഞ്ചായത്തുകളിലാണ് ഏറെനാശം. ചീപ്പുങ്കൽ വട്ടക്കായൽ, വിരിപ്പുകാല, 900ചിറ, തോട്ടുപുറം, മാലിക്കായൽ, തുരുത്തുമാലി, പള്ളിക്കരി, അകത്തേക്കരി, അന്തോണിക്കായൽ, പടിഞ്ഞോറ പള്ളിക്കായൽ, സെന്റ് ജോസഫ് കായൽ, കുറിയമട എന്നീ പാടശേഖരങ്ങളും വെള്ളത്തിലാണ്. ചീപ്പുങ്കൽ വട്ടക്കായൽ അടക്കമുള്ളവ കതിരിട്ടപ്പോഴാണു പ്രളയമെത്തിയത്. നെൽകൃഷിയിൽ മാത്രം 300 കോടിയുടെ നഷ്ടമാണു കണക്കാക്കുന്നത്.
രണ്ടാം പ്രളയത്തിന്റെ കണക്കെടുപ്പ് തുടങ്ങിയ ആദ്യഘട്ടത്തിൽ 65 കോടി നാശമുണ്ടായെന്നാണ് ഒൗദ്യോഗിക കണക്കുകൾ. പടിഞ്ഞാറൻ മേഖലയിൽ മാത്രം 6780 ഹെക്ടർ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. ഏക്കറിന് 20,000 രൂപ മുതൽ 35,000 രൂപ വരെ ചെലവഴിച്ചു.
വായ്പയെടുത്തും സ്വർണം പണയംവച്ചും കൃഷിയിറക്കിയ കർഷകർക്കു തുകപോലും തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊയ്ത്തു നടത്താനാകാത്തതിനാൽ സബ്സിഡി അടക്കം ആനുകൂല്യങ്ങളും ലഭിക്കില്ല. ഓരോ പാടശേഖരത്തിലും ലക്ഷങ്ങൾ ചെലവഴിച്ചാൽ മാത്രമേ അടുത്ത കൃഷിയിറക്കാനാകൂ.
ഇക്കാര്യത്തിൽ പാടശേഖര സമിതികൾക്ക് ഒന്നും ചെയ്യാനാവില്ല. കൃഷി വകുപ്പ് സഹായം കിട്ടിയാൽ മാത്രമേ പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളിൽ വീണ്ടെടുപ്പ് സാധ്യമാകൂ. നെല്ലിന് ഒരു ഹെക്ടറിന് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 13,500 രൂപ ഒന്നിനും തികയില്ലെന്നു കർഷകർ പറയുന്നു. തകർന്ന ബണ്ടുകൾ പുനഃസ്ഥാപിച്ചു കൃഷിയിറക്കാനുള്ള സംവിധാനമാണ് ആദ്യമൊരുക്കേണ്ടത്.