മാനന്തവാടി: കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ സാന്പത്തിക തിരിമറി അന്വേഷിച്ച് കണ്ടെത്തിയ ധനകാര്യ വകുപ്പിന്റെ പരിശോധന പുതിയ ഇടങ്ങളിലേക്ക്. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന തവിഞ്ഞാൽ കൃഷിഭവൻ ഓഫീസിൽ ഇന്നലെ ജില്ലയിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ തവിഞ്ഞാൽ കൃഷി ഓഫീസർക്ക് അനുവദിച്ച ഇരുചക്ര വാഹനം ഇവിടെ കണ്ടെത്താനായില്ല. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥർ തവിഞ്ഞാൽ കൃഷി ഓഫീസറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ മാസങ്ങൾക്കു മുന്പ് ഇവിടെ ചുമതല ഏറ്റെടുത്ത കൃഷി ഓഫീസർക്ക് കൃഷിഭവനിലേക്ക് അനുവദിച്ച കൃഷി വകുപ്പിന്റെ വാഹനത്തെ പറ്റി വ്യക്തമായ ധാരണയില്ല. എന്നാൽ ചുമതല ഏറ്റെടുക്കുന്ന സമയത്ത് സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ച് ഇദ്ദേഹം ഇവിടെ വാഹനം ഇല്ലായെന്ന് ഉറപ്പു വരുത്തിയിരുന്നു. ഈ വിവരം അദ്ദേഹം കൃഷി അസിസ്റ്റന്റ് ഡയറക്ടറെ അറിയിക്കുകയും ചെയ്തിരുന്നു.
തവിഞ്ഞാൽ കൃഷി ഭവനിൽ സൂക്ഷിക്കേണ്ട വാഹനം അവിടെ ഇല്ലാതായതുമായി ബന്ധപ്പെട്ട് കൃഷി ഓഫീസർ നൽകിയ റിപ്പോർട്ട് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടർ പൂഴ്ത്തിയതായാണ് സൂചന. ധനകാര്യ വകുപ്പ് നടത്തിയ പരിശോധനയിൽ തവിഞ്ഞാൽ കൃഷി ഭവന്റെ ഇരു ചക്രവാഹനം മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരിയുടെ പാണ്ടിക്കടവിലുള്ള വീട്ടിൽ നിർത്തിയിട്ടതായി കണ്ടെത്തിയിട്ടുണ്ട്. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ബാബു അലക്സാണ്ടർ കൃഷി ഓഫീസിന്റെ ഒൗദ്യോഗിക ആവശ്യത്തിനുള്ള വാഹനം ദുരുപയോഗം ചെയ്തതായാണ് സൂചന. ഇദ്ദേഹത്തിന്റെ അറിവില്ലാതെ പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരിയുടെ വീട്ടിൽ വാഹനം എത്തില്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
സർക്കാർ ആവശ്യങ്ങൾക്കായുള്ള വാഹനം ജോലി ആവശ്യം കഴിഞ്ഞാൽ ഓഫീസിൽ സൂക്ഷിക്കണമെന്നാണ് നിയമം. തവിഞ്ഞാൽ കൃഷിഭവനിലെ ആവശ്യത്തിന് ജീവനക്കാർക്ക് ഫീൽഡിൽ സന്ദർശനത്തിന് പോകാനുള്ള വാഹനം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്തതായാണ് സൂചന. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതും മറ്റു അറ്റകുറ്റ പണികൾക്കുള്ള ചെലവും സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് നടത്തുന്നത്.
കൃഷിഭവന്റെ ഒൗദ്യോഗിക വാഹനം പാർട്ട് ടൈം സ്വീപ്പർ ജീവനക്കാരിയുടെ വീട്ടിൽ സൂക്ഷിച്ചതോടെ നിയമലംഘനമാണ് ഇവിടെയുണ്ടായിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ടും ധനകാര്യ വകുപ്പ് പരിശോധന നടത്തിയേക്കും. 2013 ലാണ് തവിഞ്ഞാൽ കൃഷിഭവന് വാഹനം അനുവദിച്ചത്. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയയറക്ടർ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന എടവക, വെള്ളമുണ്ട, തൊണ്ടർനാട്, തിരുനെല്ലി, മാനന്തവാടി കൃഷി ഭവനുകളിലേക്കും ധനകാര്യ വകുപ്പ് അടുത്തു തന്നെ പരിശോധന നടത്തിയേക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ നടത്തിയ സാന്പത്തിക ക്രമക്കേടിൽ കൃഷി ഓഫീസർമാർക്കോ മറ്റും ഉദ്യോഗസ്ഥർക്കോ പങ്കുണ്ടോയെന്ന കാര്യം അന്വേഷണ വിധേയമാക്കും.