സ്വന്തം ലേഖകൻ
തൃശൂർ: നാലുനിലകൾ പൂർത്തിയാക്കിയ ചെന്പൂക്കാവിലെ ജില്ലാ കൃഷി ഓഫീസ് സമുച്ചയത്തിനു കെട്ടിട നിർമാണാനുമതി ഇല്ല! ഉദ്ഘാടനം നടത്തി 16 മാസം പിന്നിട്ടശേഷമാണ് അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്ന കാര്യം അറിയുന്നത്. എട്ടുനിലകളിൽ പണിയുന്ന സമുച്ചയത്തിന്റെ നാലുനിലകളുടെ നിർമാണം പൂർത്തീകരിച്ചിട്ടും കോർപറേഷൻ അധികൃതരും നഗരത്തിലെ “അനധികൃത നിർമാണം’ അറിഞ്ഞില്ല. ലിഫ്റ്റ് സ്ഥാപിച്ചശേഷം സ്ഥിരം വൈദ്യുതിബന്ധത്തിന് അപേക്ഷിച്ചപ്പോഴാണ് അനുമതിക്ക് ആരും അപേക്ഷിച്ചില്ലെന്നതു വെളിവായത്.
തത്വത്തിൽ കെട്ടിടത്തിനു ഫയർ എൻഒസി പോലും ഇല്ല. കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ(കെഎൽഡിസി) ആണ് നിർമാണ ചുമതലയേറ്റത്. അനുമതിക്ക് അപേക്ഷിക്കാതെ സബ് കോണ്ട്രാക്ട് നല്കുകയാണ് കെഎൽഡിസി ചെയ്തത്. കോണ്ട്രാക്ട് ഏറ്റെടുത്തവർ അപേക്ഷിക്കാൻ നില്ക്കാതെ പണിയും തുടങ്ങി.
റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന എട്ടുമീറ്ററിലാണ് നിലവിൽ കൃഷി ഓഫീസ് സമുച്ചയത്തിന്റെ അണ്ടർഗ്രൗണ്ടിൽ ടാങ്കുകളും മഴവെള്ള സംഭരണിയും നിർമിച്ചിരിക്കുന്നത്. പണിത ടാങ്കുകൾ പൊളിച്ചുമാറ്റിയാൽ ലക്ഷങ്ങളാണ് നഷ്ടം. അണ്ടർഗ്രൗണ്ട് പാർക്കിംഗ് പോലും ഇല്ല. മുനിസിപ്പൽ ബിൽഡിംഗ് റൂൾ പാലിക്കാതെയാണ് സമുച്ചയത്തിന്റെ പല നിർമാണങ്ങളെന്നും ആക്ഷേപമുണ്ട്. വിഷയം ഗുരുതരമായതിനാൽ സർക്കാർതലത്തിൽ പ്രശ്നപരിഹാരത്തിനു തിരക്കിട്ട ശ്രമം നടത്തുകയാണ് അധികൃതർ.
ജില്ലാ കൃഷി ഓഫീസായ പ്രിൻസിപ്പൽ കൃഷി ഓഫീസ്, തൃശൂർ കോർപറേഷൻ കൃഷിഭവൻ, വിത്തു വികസന കോർപറേഷൻ ഓഫീസ്, ചെന്പൂക്കാവിലുള്ള മണ്ണു പരിശോധനാ ലബോറട്ടറി, ചാലക്കുടിയിലുള്ള മണ്ണു പരിശോധനാ കാര്യാലയം എന്നീ ഓഫീസുകളാണ് സമുച്ചയത്തിലേക്കു മാറ്റുന്നത്. എട്ടുനിലയിൽ 64,000 ചതുരശ്ര അടിയിൽ സമുച്ചയം നിർമിക്കാനാണ് പദ്ധതിയിട്ടത്. നാലുനിലകളിലായി 31,675 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം 10.06 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
കെട്ടിടത്തിനകത്തെ ഇന്റീരിയർ ജോലികളും പൂർത്തിയായിട്ടില്ല. ഇതിനു പണം വേറെ വേണം. യുഡിഎഫ് സർക്കാരിന്റെ കാലാവധി തീരുംമുന്പേ ഉദ്ഘാടനം നടത്തിയെന്നല്ലാതെ ഓഫീസ് മാറ്റി പ്രവർത്തിക്കാവുന്ന അവസ്ഥയിലേക്കു കെട്ടിടം ഒരുക്കിയിരുന്നില്ല. കെട്ടിടത്തിലേക്കു കണക്ഷനുണ്ടെങ്കിലും സ്ഥിരം വൈദ്യുതി ബന്ധമാക്കുന്നതിനാണ് കോർപറേഷനിൽ അപേക്ഷ നൽകിയത്.
കെട്ടിടത്തിനു സ്വന്തമായി ഒരു ട്രാൻസ്ഫോർമർ സ്ഥാപിക്കാതെ വൈദ്യുതി തരില്ലെന്നാണ് കോർപറേഷൻ നിലപാടെടുത്തത്. സ്വന്തമായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ പണമടച്ചിട്ട് ആറുമാസവും പിന്നിട്ടശേഷമാണ് നിർമാണാനുമതി ഇല്ലെന്നതു പുറത്തറിഞ്ഞത്. ശക്തൻനഗറിലെ തൃശൂർ ഡവലപ്മെന്റ് അഥോറിറ്റി കെട്ടിടത്തിൽ പ്രതിമാസം ലക്ഷങ്ങൾ വാടക നല്കിയാണ് ഏഴുവർഷത്തിലധികമായി കൃഷിയുമായി ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾ പ്രവർത്തിക്കുന്നത്.
പ്രിൻസിപ്പൽ കൃഷി ഓഫീസ് 56,000 രൂപയും സീഡ് അഥോറിറ്റി ഓഫീസ് 39,000 രൂപയും വാടകയിനത്തിൽ നല്കുന്നുണ്ട്. ചെന്പൂക്കാവിലെ പഴയ കൃഷി ഓഫീസ് പുനർനിർമിക്കുന്നതിനായി 2009 ഡിസംബറിലാണ് വാടകക്കെട്ടിടത്തിലേക്ക് മാറിയത്. പിന്നീട് 2014ലാണ് സമുച്ചയത്തിന്റെ പണികൾ ആരംഭിച്ചത്.
കൃഷി സൂപ്പർ മാർക്കറ്റ് സഹിതം ചെന്പൂക്കാവിലെ ജില്ലാ കൃഷി ഓഫീസ് സമുച്ചയം വിഷുവിനുമുന്പ് ഏപ്രിൽ ആദ്യവാരത്തിൽ ജനങ്ങൾക്കായി തുറക്കുമെന്നായിരുന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന്റെ വാഗ്ദാനം. മന്ദിരത്തിന്റെ താഴെയുള്ള രണ്ടു നിലകളിലായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ഹൈപ്പർ മാർക്കറ്റ് തുറക്കുമെന്നും ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചെങ്കിലും പറയുന്ന എളുപ്പത്തിൽ കാര്യങ്ങൾ നീങ്ങിയില്ല.