വടക്കഞ്ചേരി: പഞ്ചായത്തുകളിലെ കാർഷിക വികസന സമിതികളിൽ വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതികളിൽ നിന്നുള്ള യഥാർത്ഥ കർഷകരെ കൂടി ഉൾപ്പെടുത്തി കർഷകരുടെ ക്ഷേമം ഉറപ്പാക്കണമെന്ന ആവശ്യം ശക്തം.
കാർഷിക വികസന സമിതികളിൽ രാഷ്ട്രിയ പാർട്ടികൾ നോമിനേറ്റ് ചെയ്യുന്നവർ കയറി കൂടുന്നതുമൂലം കർഷകരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ബന്ധപ്പെട്ട അധികാരികളിലെത്താത്ത സ്ഥിതിയുണ്ട്.
ഇത് കർഷകരുടെ ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നതായി പാളയത്തുള്ള വിഎഫ്പിസികെയുടെ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് കുളത്തിങ്കൽ ഹരിദാസ് പറഞ്ഞു.ജില്ലയിൽ 21 സ്വാശ്രയ കർഷക സമിതികൾ പ്രവർത്തിക്കുന്നുണ്ട്.
കർഷകരുടെ ഉല്പന്നങ്ങൾക്ക് ന്യായവിലയും വിപണിയും ഉറപ്പാക്കുന്നതിൽ ഇത്തരം സംഘങ്ങളുടെ പങ്ക് ഏറെ മികച്ചതാണ്. ഒരു ലക്ഷം തൊഴിൽദാന പദ്ധതിയിൽപ്പെട്ട കർഷകരേയും കാർഷിക വികസന സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമുണ്ട്.
സംസ്ഥാനത്ത് ഓരോ സർക്കാരുകൾ മാറി മാറി വരുന്പോൾ കർഷകരെ ഒഴിവാക്കി സമിതി പുനസംഘടിപ്പിക്കുന്നത് കാർഷിക മേഖലക്ക് ദോഷം ചെയ്യും.
പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ചതിന്റെ ഗുണം മറ്റു ജില്ലകളിലെല്ലാം നവംബർ മാസം മുതൽ പ്രാബല്യത്തിലായപ്പോൾ പാലക്കാട് ജില്ലയിൽ ഡിസംബർ 28 മുതൽ മാത്രമാണ് ഇത് പ്രാബല്യത്തിലായത്.
കർഷകരോടുള്ള അധികാരികളുടെ അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നാണ് കർഷകരുടെ കുറ്റപ്പെടുത്തൽ. ജില്ലയിലെ കർഷകർക്കും ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ ലഭിക്കാൻ നടപടി വേണമെന്ന ആവശ്യവും കർഷകർ മുന്നോട്ട് വെക്കുന്നു.