ഹരിപ്പാട്: കർഷകത്തൊഴിലാളികൾ ഇല്ല. പുഞ്ചക്കൃഷി അവതാളത്തിൽ. കുട്ടനാട്, അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലാണ് തൊഴിലാളിക്ഷാമം മൂലം കർഷകർ വലയുന്നത്. ഈ മേഖലകളിൽ ഏതാണ്ട് ഒരേ സമയങ്ങളിലാണ് വിത തുടങ്ങിയത്. അതിനാൽ എല്ലാ പാടശേഖരങ്ങളിലും ഒരേ സമയങ്ങളിലാണ് വിതയോടനുബന്ധിച്ചുള്ള പണികൾ നടക്കേണ്ടതും. ഇത് ആവശ്യത്തിനുള്ള തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാത്രവുമല്ല ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള പണികൾ നടക്കുന്നതിനാലും തൊഴിലാളിക്ഷാമം രൂക്ഷമാകുകയാണ്.
പറിച്ചു നടീൽ, കളപറിക്കൽ, മരുന്നടി, വെള്ളംകയറ്റൽ, ഇറക്കൽ എന്നീ പണികളാണ് ഇപ്പോൾ നടക്കേണ്ടത്. ഈ ജോലികൾ യന്ത്രവത്കൃതമല്ലാത്തതിനാൽ തൊഴിലാളികളെ യഥാസമയത്ത് ലഭ്യമാകേണ്ടതുണ്ട്. ഗ്രാമപഞ്ചായത്തുകൾ കൃഷിഭവനുകളുമായി സഹകരിച്ച് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പല പദ്ധതികളാണ് നടത്തിവരുന്നത്.
വിത്ത്, വളം എന്നിവ സൗജന്യമായും മറ്റും നൽകുന്നുണ്ടെങ്കിലും തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല കൃഷിയുടെ സീസണായ മൂന്നു മാസക്കാലം തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള പണികൾ ശക്തിപ്പെടുത്തി കാർഷികമേഖലയെ തളർത്താനുള്ള നടപടികളാണ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ഉണ്ടാകുന്നതെന്നും കർഷകർ പറയുന്നു.
കഴിഞ്ഞ കൃഷികളിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാര തുകയോ, കൊടുത്ത നെല്ലിന് പണമോ ലഭിക്കാത്ത കർഷകരാണ് ഇത്തവണത്തെ കൃഷിയിറക്കിയത്. ഗ്രാമസഭകൾ ഓരോ പ്രദേശത്തിന്റെയും ഭൗതിക സാഹചര്യം കണക്കിലെടുത്ത് കാർഷിക കലണ്ടർ രൂപപ്പെടുത്തുകയാണെങ്കിൽ തൊഴിലാളിക്ഷാമം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും.
അതുപോലെ കൃഷി സീസണിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ മാറ്റിവെക്കുകയും, കൃഷി സീസണല്ലാത്ത സമയങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികൾ ചെയ്യാനുള്ള നടപടി പഞ്ചായത്തുകളിൽനിന്നും ഉണ്ടാകുന്ന പക്ഷം ഒരു വർഷത്തിലെ എല്ലാദിവസവും തൊഴിലാളികൾക്ക് ജോലി കിട്ടുകയും കൂടുതൽ വരുമാനം ഉണ്ടാക്കാനും കഴിയുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.