ഇഞ്ചക്കുണ്ട്: മലയോര ഗ്രാമമായ ഇഞ്ചക്കുണ്ടിൽ വന്യജീവികളിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. കാട്ടുപന്നികളും മാനുകളുമാണ് കർഷകർക്കു തീരാതലവേദനയായി മാറുന്നത്. രാത്രിയായാൽ സമീപത്തെ തേക്കു തോട്ടത്തിൽ നിന്ന് കൂട്ടമായി ഇറങ്ങി വരുന്ന പന്നികളും മാനുകളും കൃഷിയിടങ്ങളെ മെതിക്കളമാക്കുകയാണ്.
കഴിഞ്ഞ രാത്രി ഇഞ്ചക്കുണ്ട് കുണ്ടൂക്കാരൻ വർഗീസിന്റെ കൃഷിതോട്ടത്തിലിറങ്ങിയ പന്നിക്കൂട്ടവും മാനുകളും വാഴകൾ, റബർ ചെടികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. മൂന്നുമാസം വളർച്ചയെത്തിയ നൂറോളം ഇരുന്നൂറിലേറെ റബർ തൈക്കളും 250 ഓളം പൂവൻവാഴകളും വന്യജീവികൾ നശിപ്പിച്ചതായി 88 കാരനായ കർഷകൻ കുണ്ടൂക്കാരൻ വർഗീസ് പറഞ്ഞു.
വേലികെട്ടിയും രാത്രിയിൽ തകരപാട്ട കൊണ്ട് ശബ്ദമുണ്ടാക്കിയും കാട്ടുപന്നികളെ തുരത്താൻ നടത്തുന്ന കർഷകരുടെ ശ്രമം പലപ്പോഴും ഫലംകാണാറില്ല. പൊറുതി മുട്ടിയ കർഷകർ വന്യജീവികൾ കൃഷിയിടങ്ങളിലേക്കിറങ്ങുന്നത് തടയണമെന്ന് നിരന്തരം അധികൃതരോടാവശ്യപ്പെടുന്നുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് കർഷകനായ കെ.വി.ജോണി പറഞ്ഞു.
വന്യജീവികൾ കൃഷി നശിപ്പിച്ചാൽ നാമ മാത്രമായ നഷ്ടപരിഹാരമാണു കർഷകർക്കു ലഭിക്കുന്നത്. ബാങ്കിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പെടുത്ത് കൃഷിയിറക്കുന്ന കർഷകർക്കു പലിശ അടച്ചുതീർക്കാൻ പോലും നഷ്ടപരിഹാരതുക പര്യാപ്തമാകുന്നില്ലെന്ന് ജോണി പരാതിപ്പെട്ടു.
മഴക്കാലമായതോടെ കാട്ടുപന്നികളുടേയും മാനുകളുടേയും ശല്യം വർധിച്ചിക്കയാണെന്നു കർഷകർ പറഞ്ഞു.