മല്ലപ്പള്ളി: മല്ലപ്പള്ളിയിലും കല്ലൂപ്പാറയിലും കൃഷിയിടങ്ങളിലിറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു.കല്ലൂപ്പാറ പഞ്ചായത്ത് പതിമൂന്നാം വാർഡ് പ്ലാക്കോട്ട് പി.അലക്സാണ്ടറുടെ പുരയിടത്തിൽ ഇറങ്ങിയ രണ്ട് കാട്ടുപന്നികളെ പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർമാരായ ജോസ് പ്രകാശ്, ജോജോ മാത്യു, സിനീത് കരുണാകരൻ എന്നിവർ അടങ്ങുന്ന സംഘം വെടിവച്ചു കൊന്നു.
75 കിലോ വീതം തൂക്കംവരുന്ന പന്നികളെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരിയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി മറവുചെയ്തു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരുന്നു. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഷൂട്ടർമാരുടെ സംഘം എത്തിയത്.
ഇവർ എത്തി സമീപത്തെ കാടുകളിൽ തെരച്ചിൽ നടത്തിയാണ് പന്നികളെ വെടിവച്ചു കൊന്നത്. ഒരാഴ്ച മുമ്പ് ഐക്കരപ്പടിക്കു സമീപം സ്കൂട്ടർ യാത്രക്കാരന് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
മല്ലപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലും കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. പന്നിശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് മെംബർ സുരേഷ് വൈക്കത്തുശേരിയുടെയും കർഷകരുടെയും നേതൃത്വത്തിൽ സംയുക്തമായി നടത്തിയ തെരച്ചിലിന്റെ ഭാഗമായി കൃഷി നശിപ്പിച്ച കാട്ടുപന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ടർ വർഗീസ് കുഴിവേലിൽ വെടിവച്ചു കൊന്നത്.
പഞ്ചായത്ത് മെംബർ, കർഷകർ, സ്ഥലവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ശാസ്ത്രീയമായ രീതിയിൽ മറവ് ചെയ്തു.