തൃശൂർ: സിറ്റി പരിധിയിലെ പോലീസ് സ്റ്റേഷനുകളിൽ ഇനി പച്ചക്കറി വിളയും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിഷുവിനു വിഷരഹിത പച്ചക്കറി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നെടുപുഴ പോലീസ് സ്റ്റേഷനിൽ നിർവഹിച്ചു. പോലിസ് സ്റ്റേഷൻ അങ്കണത്തിൽ തരിശായി കിടന്നിരുന്ന 50 സെന്റ് സ്ഥലത്താണ് കൃഷിയാരംഭിച്ചത്.
കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത് കാടു പിടിച്ചുകിടന്ന സ്ഥലം നെടുപുഴ ജനമൈത്രി സ്റ്റേഷനിലെ ജീവനക്കാർ ചേർന്ന് കൃഷിയോഗ്യമാക്കിയെടുക്കുകയായിരുന്നു. വെണ്ട, പയർ, പടവലം, കയ് പക്ക, വഴുതനങ്ങ, വെള്ളരി, കാബേജ്, തക്കാളി, പച്ചമുളക്, കപ്പ തുടങ്ങിയവയാണ് ഇനി പോലീസിന്റെ പരിപാലനത്തിൽ വളരുക. കേരളാ പോലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലും എആർ ക്യാന്പിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ സ്റ്റേഷനുകളിലേക്കുള്ള തൈകളുടെ വിതരണവും മന്ത്രി നിർവഹിച്ചു. ജനമൈത്രി സമിതി കണ്‍വീനറും തൃശൂർ വെസ്റ്റ് സിഐയുമായ വി.കെ. രാജു അധ്യക്ഷനായി. കെ. രാജൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ, കൗണ്‍സിലർമാരായ ഗ്രീഷ്മ അജയഘോഷ്, വിൻഷി അരുണ്‍കുമാർ, കെപിഎ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, ജില്ലാ സെക്രട്ടറി ബിനു ഡേവിസ്, പ്രസിഡന്റ് എം.സി. ബിജു, അഡ്മിനിസ്ട്രേഷൻ എസിപി എം.കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.