പൂച്ചാക്കല്‍: മണ്ണിനെ മാറോട്ചേര്ത്ത് മനസ് ഏകാഗ്രമാക്കി ഏതു സമയവും കൃഷി എന്ന വിചാരം മാത്രം. അതെത്ര ചെയ്താലും മതിവരില്ല. പ്രതിസന്ധികളെ മറികടന്ന് 12 വര്‍ഷമായി കൃഷി ജീവിതവുമായി മുന്നോട്ടുപോകുകയാണ് പാണാവള്ളി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ഗൗരിശങ്കരം വീട്ടില്‍ സാബു, കണ്ടനാട്ടുവെളിയില് രാമചന്ദ്രന്, പാപ്പച്ചന് കൈറ്റാത്ത് എന്നീ മൂവര്‍ സംഘം.
വ്യത്യസ്ത ഇനം കൃഷികളാണ് ഇവര്‍ ചെയ്യുന്നത്. രണ്ടര ഏക്കര്‍ സ്ഥലത്ത് പതിനേഴില്‍പ്പരം കൃഷികള്‍ ഇവിടെയുണ്ട്. പൊട്ടുവെള്ളരി, ഷമാം, പയര്‍, വെണ്ട, പീച്ചില്‍ പയര്‍, പാവല്‍, നീളന്‍ പയര്‍, കുക്കുമ്പര്‍, ചീര അങ്ങനെ നീളുന്നു കൃഷി ഇനങ്ങള്‍. ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നത്. സ്വന്തമായി നിര്‍മിച്ച ട്രൈക്കോ ഡെര്‍മ സമ്പൂഷ്ടീകരിച്ച ചാണകമാണ് ഉപയോക്കിക്കുന്നത്.
അതിനാല്‍ രോഗങ്ങളെ തടയാനും ഉത്പാദനം വര്‍ധിപ്പിക്കാനും സാധിക്കുന്നു. അഞ്ചു മുതല്‍ 10 കിലോ വരെ നീളന്‍ പയര്‍ ഒരു ദിവസം ലഭിക്കും. വെണ്ട, തക്കാളി അഞ്ചു കിലോ വീതവും ലഭിക്കുന്നുണ്ട്. അഞ്ഞൂറ് ചുവട് മുളകാണ് നട്ടിരിക്കുന്നത്.
ഏതു സമയത്തും ഉത്പാദനം ലഭിക്കുന്ന ഒന്നാണ് മുളക്. കീടനിയന്ത്രണത്തിന് വേപ്പെണ്ണ മിശ്രിതം, സൂഡോമോണസ്, ബ്യൂവേറിയ എന്നിവയാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ കൂടുതലും നാട്ടുകാര്‍ കൃഷിസ്ഥലത്തുവന്ന് വാങ്ങിക്കും. കൂടാതെ തൈക്കാട്ടുശേരി പഞ്ചായത്തിന്റെ കീഴിലുള്ള വിപണിയിലും നല്‍കാറുണ്ട്.
വേനല്‍ച്ചൂട് കൂടിയതോടെ പൊട്ടുവെള്ളരിക്കും കുക്കമ്പറിനും ആവശ്യക്കാര്‍ ഏറെയാണ്. പാണാവള്ളി കൃഷി ഓഫീസര്‍ ലിറ്റി വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജി.വി. റെജി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.ആര്. രജിത എന്നിവരുടെ കൃഷിയിടങ്ങളിലെ സന്ദര്‍ശനവും നിര്‍ദേശങ്ങളും കൃഷിക്ക് ഏറെ സഹയകരമായിട്ടുണ്ട്.
മനസിന് സന്തോഷം ലഭിക്കുന്ന ഇത്രയും നല്ല ജോലി കൃഷി അല്ലാതെ മറ്റൊന്നിനില്ലെന്നും ആനന്ദം, ആദായം, ആരോഗ്യം ഇതു മൂന്നും ലഭിക്കണമെങ്കില്‍ കൃഷിതന്നെ ചെയ്യണമെന്നും കര്‍ഷകനായ സാബു സാക്ഷ്യപ്പെടുത്തുന്നു.