
കല്ലടിക്കോട്: പുള്ളിമാനുകൾ കൃഷിയിടത്തിലേയ്ക്ക് ഇറങ്ങിയതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിൽ. കല്ലടിക്കോടൻ മലയിൽ നിന്നിറങ്ങിയ ഒരുകൂട്ടം പുള്ളിമാനുകളാണ് കർഷകർക്ക് തലവേദനയാകുന്നത്.
വാഴയും റബർതൈകളുടെ തൊലിയും കാർന്നുതിന്നുകയും പച്ചക്കറികൾ ചവിട്ടിനശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞദിവസം മേലേപയ്യാനി ഭാഗത്ത് ഇറങ്ങിയ മാൻകൂട്ടം പ്രദേശത്തെ കൃഷിയിടങ്ങളിൽ ഇറങ്ങി.
കല്ലടിക്കോടൻ മലനിരകളിൽനിന്നും വനാതിർത്തിയിലൂടെ എത്തിയ മാനുകൾ വേലികൾ തകർത്താണ് കൃഷിയിടങ്ങളിലേയ്ക്ക് കയറിയത്. വേട്ടക്കര, പാങ്ങ്, ചെറുമല, വാക്കോട് തുടങ്ങിയ സ്ഥലങ്ങളിലും മാനുകളും കാട്ടുപന്നികളും മയിൽ, കുരങ്ങ് തുടങ്ങിയവയും സ്ഥിരം സന്ദർശകരാണ്.
കഴിഞ്ഞദിവസം ബേട്ടക്കരഭാഗത്ത് പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നിരിന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകളും സമീപത്തുകണ്ടെത്തിയിരുന്നു. വന്യമൃഗങ്ങൾ ജനവാസമേഖലയിലേയ്ക്ക് ഇറങ്ങുന്നതുമൂലം പ്രദേശവാസികൾ ഭീതിയിലാണ്.
കാട്ടുജീവികളെ പേടിച്ച് റബർടാപ്പിംഗിനോ കൃഷിപ്പണികൾക്കോ തൊഴിലാളികൾ പോകാൻ തയാറാകുന്നുമില്ല.