തിരുവല്ല: അന്തരീക്ഷ താപനില ഉയര്‍ന്നതോടെ അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങള്‍ ഭീഷണിയില്‍ പലയിടങ്ങളിലും പാടംവിണ്ടുകീറലും പട്ടാളപ്പുഴു ആക്രമണവും വര്‍ധിച്ചു.തിരുവന്‍വണ്ടൂര്‍ പാടശേഖരത്തില്‍ കനാല്‍വെള്ളം ലഭിക്കാതെ വന്നതോടെ 95 ഹെക്ടര്‍ പാടം വിണ്ടുകീറി നെല്‍ച്ചെടികള്‍ നശിച്ചു തുടങ്ങി. പാടത്ത് വെള്ളമിറക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതെ വന്നതോടെ പട്ടാളപ്പുഴുവിന്റെ ആക്രമണവും ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം പാടത്ത് വെള്ളമിറക്കാന്‍ കഴിയാഞ്ഞതോടെ തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ മാത്രമായി 300 ഹെക്ടറിലധികം കൃഷിയാണ് പട്ടാളപ്പുഴു നശിപ്പിച്ചത്. ഇക്കുറി താലൂക്കിലാകെ 1497.84 ഹെക്ടറിലാണ് കൃഷി ഇറക്കിരിക്കുന്നത് കനാല്‍ വെള്ളം കിട്ടിയില്ലെങ്കില്‍ ഇതും പട്ടാളപ്പുഴു ആക്രമണത്തിന് വിധേയമാകും.
വടശേരിക്കരയില്‍ കനാല്‍ ചോര്‍ച്ചയെ തുടര്‍ന്നാണ് വെള്ളം തുറന്നു വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഐപി കനല് തുറന്ന് ഒരാഴ്ചയ്ക്കകമാണ് ചോര്‍ച്ച കണ്ടത്. വെള്ളത്തിന്റെ ദൗര്‍ലഭ്യം മൂലം തിരുവന്‍വണ്ടൂരില്‍ 10 മുതല്‍ 40 ദിവസം വരെ പ്രായമുള്ള നെല്‍ച്ചെടികളാണ് നശിക്കുന്നത്. 95 ഹെക്ടര്‍ പാടം ഉണങ്ങി വിണ്ടുകീറി.
പാടശേഖരത്തിലേക്ക് ഒരാഴ്ചയായി വെള്ളമെത്തുന്നില്ല. തിരുവന്‍വണ്ടൂര്‍ കൃഷിഭവന് പരിധിയില്‍ മൂന്ന് പാടശേഖരങ്ങളില്‍ പട്ടാളപ്പുഴുവിന്റെ ആക്രമണം കണ്ടുതുടങ്ങിയതോടെ മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വെള്ളം ഇല്ലാത്തതുമൂലം വളം ചെയ്യുന്നതിനും സാധിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം വടശേരിക്കരയില്‍ കനാലിന്റെ 25 മീറ്റര്‍ ദൂരം തകര്‍ന്ന് നാല് മാസത്തോളം ജലവിതരണം നിലച്ചിരുന്നു.
ഇതുമൂലം ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല താലൂക്കുകളില്‍ വലിയ കൃഷിനാശം സംഭവിച്ചു. കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം ജലക്ഷാമം രൂക്ഷമായിരുന്നു. കഴിഞ്ഞവര്‍ഷം കനാല്‍ തകര്‍ന്നതിന് 100 മീറ്റര്‍ താഴെയാണ് ഇത്തവണ കനാലില്‍ ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ജലം ഒഴുക്കുന്നതിനു നിയന്ത്രണം കൊണ്ടുവരികയായിരുന്നു.