പൂച്ചാക്കൽ: കാക്കിക്കുള്ളിലെ കർഷക ഹൃദയം മാതൃകയാവുന്നു. കാക്കിക്കുള്ളിൽ കലാകാരൻ മാത്രമല്ല കർഷകരും ഉണ്ടെന്ന് തെളിയിക്കുകയാണ് ആലപ്പുഴ എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസറായ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ രഞ്ജിത്ത്. പാട്ടത്തിനെടുത്ത രണ്ടേക്കർ സ്ഥലത്ത് പയർ, വെണ്ട, തക്കാളി, വഴുതന, വാഴ എന്നിവ കൃഷി ചെയ്ത് ഹരിതവിപ്ലവം സൃഷ്ടിക്കുകയാണ് ഈ പോലീസുകാരൻ. പോലീസ് ഡ്യൂട്ടി കഴിഞ്ഞ് ബാക്കി സമയങ്ങളിൽ കൃഷിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഈ നിയമപാലകൻ സഹപ്രവർത്തകർക്കു മാതൃകയാകുകയാണ്.
ചേന്നം പള്ളിപ്പുറം കൃഷി ഓഫീസർ ആശാ.എ. നായർ, കൃഷി അസിസ്റ്റന്റ് മനു എന്നിവരുടെ നിർദേശങ്ങളോടെയാണ് കൃഷി. കഴിഞ്ഞ സീസണിൽ പാടത്ത് ചെയ്ത കൃഷിയിലൂടെ 30000 ത്തോളം രൂപ അധിക വരുമാനം നേടാൻ രഞ്ജിത്തിനു സാധിച്ചു. പൂർണമായും ജൈവകൃഷി ചെയ്യുന്ന ഇദ്ദേഹം ഉൽപന്നങ്ങൾ സുഹൃത്തുക്കൾക്ക് കൊടുക്കുവാനും മടിക്കാറില്ല. നാലാം വാർഡിലെ ആത്മ സഹൃദയ എഫ്ഐജി അംഗമായ രഞ്ജിത്ത് സുഹൃത്തുക്കൾക്കൊപ്പം മത്സ്യകൃഷിയും വിപുലമായ ചെയ്യുന്നുണ്ട്.
ആലപ്പുഴ എആർ ക്യാന്പിന് കീഴിലുള്ള പോലീസ് ബോട്ട് ക്ലബിലെ അംഗം കൂടിയായ രഞ്ജിത്ത്, നെഹ്റു ട്രോഫി വള്ളം കളിയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ടീമിലുണ്ടായിരുന്നു. നിയമപാലകർ സമൂഹത്തിന് മാതൃകയാകണം എന്ന സന്ദേശം അർഥ പൂർണമാക്കുകയാണ് രഞ്ജിത്ത് എന്ന പോലീസുകാരൻ.
കാർഷിക കുടുംബത്തിൽ ജനിച്ച രഞ്ജിത്തിനു പണ്ടുമുതലേ കൃഷിയോട് താല്പര്യമുണ്ടായിരുന്നു. തിരക്കുപിടിച്ച ഒൗദ്യോഗിക ജീവിതത്തിനിടയിൽ കൃഷി നൽകുന്ന ശാന്തിയും വളരെ വലുതാണെന്ന് രഞ്ജിത്ത് പറയുന്നു. ചിറയിൽ പാടം വീട്ടിൽ രമണന്റെയും പുഷ്പയുടെയും മകനാണ് രഞ്ജിത്ത്.