നൊമിനിറ്റ ജോസ്
കൊച്ചി: ലോക്ക് ഡൗണ്‍ കാലം നിരവധി പുതിയ പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. കാക്കനാട് മാര്‍ത്തോമ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ ലോക്ക് ഡൗണ്‍ കാലത്ത് പഠിച്ചത് കൃഷി പാഠങ്ങളാണ്.
സ്കൂളിലെ ഹിന്ദി അധ്യാപിക പള്ളിക്കര പെരിങ്ങാല സ്വദേശിനി സരിത വിജയകുമാറാണ് വാട്സ് ആപ്പിലൂടെ കുട്ടികളെ കൃഷി പാഠങ്ങള്‍ പഠിപ്പിച്ചത്. എല്ലാ വര്‍ഷവും അത്യാവശ്യം കൃഷിയൊക്കെ സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കാറുണ്ട്.
‘ലോക്ക് ഡൗണായതോടെ കുട്ടികള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന കൃഷികളെക്കുറിച്ച് വാട്സ് ആപ്പിലൂടെയും മറ്റും പറഞ്ഞുകൊടുത്ത് അവരെക്കൊണ്ട് ചെയ്യിച്ചാലോ എന്ന് ചിന്തിച്ചു. പ്രിന്‍സിപ്പലുമായി സംസാരിച്ചപ്പോള്‍ പൂര്‍ണ പിന്തുണ ലഭിച്ചു.
അങ്ങനെ ഒമ്പതാം ക്ലാസിലെ 35 കുട്ടികളെ ചേര്‍ത്ത് ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി’ സരിത ടീച്ചര്‍ പറയുന്നു. മാര്‍ത്തോമ്മ പബ്ലിക് സ്കൂളില്‍ 20 വര്‍ഷമായി അധ്യാപികയാണ് സരിത. സ്കൂളിലെ ഗ്രീന്‍ ക്ലബിന്റെ ചുമതലകൂടി വഹിക്കുന്ന ടീച്ചര്‍ നല്ലൊരു കര്‍ഷക കൂടിയാണ്.
അതുകൊണ്ട് കുട്ടികള്‍ക്ക് അറിവുകള്‍ പങ്കുവയ്ക്കാനും മാതൃകകള്‍ കാണിക്കാനും ബുദ്ധിമുട്ടേണ്ടിവന്നില്ല. പിന്നെ കുട്ടികര്‍ഷകര്‍ക്ക് കാര്‍ഷിക കലണ്ടര്‍ അയച്ചു കൊടുത്തു. ചീരയും പയറും വെണ്ടയും മല്ലിയിലയും പച്ചമുളകുമൊക്കെ എങ്ങനെ കൃഷി ചെയ്യണമെന്നു പഠിപ്പിച്ചു.
മികച്ച രീതിയില്‍ ചെയ്യുന്നവരെ അടുത്ത വര്‍ഷം ഗ്രീന്‍ ക്ലബ് ലീഡറാക്കുമെന്ന ഉറപ്പുകൂടി ലഭിച്ചതോടെ കുട്ടികര്‍ഷകര്‍ ആവേശത്തോടെ കൃഷി ചെയ്തു. ‘ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഉപയോഗശൂന്യമായ വെള്ളക്കുപ്പികള്‍ മുറിച്ച് മണ്ണ് നിറച്ചും പേപ്പര്‍ കപ്പുകളും പ്ലാസ്റ്റ്ക് കപ്പുകളുമൊക്കെ ഉപയോഗിച്ചും കൃഷി ചെയ്യാനുള്ള അറിവുകളും നല്‍കിയിരുന്നു.
വെളുത്തുള്ളി ലായനി, പഴങ്കഞ്ഞിവെള്ളം, സോപ്പ് ലായനി തളിക്കുക തുടങ്ങിയ കീടനാശിനി പ്രയോഗങ്ങളും വളപ്രയോഗങ്ങളും പറഞ്ഞു നല്കി. ഓരോരുത്തരും അവരവരുടെ വീട്ടില്‍ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ചെയ്ത് വളര്‍ച്ചയുടെ ഘട്ടങ്ങളുടെ ഫോട്ടോകള്‍ എനിക്ക് അയച്ചു തരും.
വാട്സ്ആപ്പിലൂടെ നിര്‍ദേശങ്ങളും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കും. അങ്ങനെ ജൂണ്‍ അഞ്ചിന് കുട്ടികളുടെ കൃഷികളെ ഉള്‍പ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും കുട്ടികള്‍ കൃഷി തുടരുന്നുണ്ട്’ ടീച്ചർ പറഞ്ഞു.
പേപ്പര്‍ കാരി ബാഗ് നിര്‍മാണം, പ്ലാസ്റ്റിക് കാരി ബാഗുകള്‍ ശേഖരിച്ച് പുനരുപയോഗത്തിനു നല്‍കുക, ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിക്കുക, വസ്ത്രങ്ങള്‍ ശേഖരിക്കുക, സോപ്പ് പൊടി, സോപ്പ് എന്നിവ നിര്‍മിക്കുക എന്നിങ്ങനെ സ്കൂളിലെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കും സരിത ടീച്ചര്‍ നേതൃത്വം നല്‍കുന്നുണ്ട്.
പ്രിന്‍സിപ്പല്‍ വനജ ഹരികുമാറും മറ്റ് അധ്യാപകരും പിന്തുണയുമായി സരിത ടീച്ചര്ക്കൊപ്പമുണ്ട്. കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂള്‍ പരിസരത്ത് വിവിധ തരത്തിലുള്ള മാവുകള്‍ നട്ടിട്ടുണ്ട്. കൂടാതെ ചേന, കപ്പ തുടങ്ങിയവയൊക്കെയും കൃഷി ചെയ്യാറുമുണ്ട്. ഈ വര്‍ഷം പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 100 കറിവേപ്പിന് തൈകളാണ് സ്കൂള്‍ പരിസരത്ത് നട്ടത്.