കൊല്ലം: സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ മുന്നിലെത്തിക്കാന്‍ കഴിഞ്ഞെന്ന് മന്ത്രി വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ ആത്മ സംഘടിപ്പിച്ച ജില്ലാ കിസാന്‍ മേളയായ ഉണര്‍വ് 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കാര്‍ഷിക വളര്‍ച്ച നെഗറ്റീവ് ഗ്രോത്ത് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആയിരം ദിവസംകൊണ്ട് കാര്‍ഷികവളര്‍ച്ച -4.6 ല്‍ നിന്നും +3.8ലേക്ക് എത്തിച്ചു. ഇത് ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. മൂന്നു മഹാ ദുരന്തങ്ങളെ അതിജീവിച്ചാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
ഓരോ വാര്‍ഡിലും 75 വീതം പുതിയ തെങ്ങിന് തൈകള്‍ നട്ട് പത്തുവര്‍ഷത്തിനകം രണ്ടുകോടി തെങ്ങിന് തൈകള്‍ ഉത്പാദിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം. നൗഷാദ് എം എല്‍എ, കോര്‍പറേഷനിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.എ. സത്താര്‍, വിജയ് രാജേന്ദ്രന്, ഷീബ ആന്റണി, ചിന്ത എല്‍. സജിത്ത്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഡോ. ബി. അരവിന്ദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.
കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് വകുപ്പുകളുടെയും കൃഷി വിജ്ഞാനകേന്ദ്രം, കുടുംബശ്രീമിഷന് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേളയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുള്ള വിവിധ കാര്‍ഷിക വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും വിവിധ കാര്‍ഷിക പുരസ്കാരങ്ങളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.