കൊടകര: കണിവെള്ളരി കൃഷിയിൽ നൂറുമേനി വിളവെടുക്കുകയാണ് യുവ ഫോട്ടോഗ്രാഫറായ ഷിജു പന്തല്ലൂർ.കാർഷിക ഫോട്ടോഗ്രഫിയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ഷിജു കാമറക്കൊപ്പം കൈക്കോട്ടും കൈയിലെടുക്കുന്നു.
പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരിലുള്ള സ്വന്തം കൃഷിനിലത്തിലാണ് ഷിജു വെള്ളരികൃഷി ചെയ്തിട്ടുള്ളത്. കുടുംബാംഗങ്ങൾ ചേർന്ന് വിളയിച്ചെടുത്ത സ്വർണനിറമുള്ള വെള്ളരികായ്കൾ വിളവെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ ഷിജു. കഴിഞ്ഞ അഞ്ചുവർഷമായി വേനലിൽ ഷിജു വെള്ളരികൃഷി ചെയ്യുന്നുണ്ട്.
രാവിലെ മാതാപിതാക്കളോടൊപ്പം പാടത്തെത്തി വെള്ളരിവള്ളികളെ പരിചരിക്കുന്ന ഈ 40 കാരൻ കൃഷിപണികൾക്കു ശേഷമാണ് ഫോട്ടോഗ്രഫിയുടെ തിരക്കുകളിലേക്ക് തിരിയുന്നത്. ജനുവരി അവസാനത്തിലാണ് വെള്ളരിവിത്തുകൾ പാകി ഷിജു കൃഷി തുടങ്ങിയത്.
പൂർണമായും ജൈവവളം ഉപയോഗിച്ച കൃഷിയുടെ വിളവെടുപ്പ് ഈ മാസം ആദ്യവാരത്തിൽ തുടങ്ങി. കിലോയ്ക്കു 20 രൂപ നിരക്കിലാണ് വെള്ളരിക്ക വിറ്റുപോകുന്നതെന്ന് ഷിജു പറഞ്ഞു. 30 സെന്റ് നിലത്തിൽ നിന്ന് ഇതുവരെ രണ്ടു ടണ്ണിലേറെ വെള്ളരിക്കയാണ് ഈ കർഷകന് ലഭിച്ചത്.
സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനവും ഫാം ഇൻഫർമേഷൻ ബ്യൂറോ, ജൈവ വൈവിധ്യ ബോർഡ് എന്നിവ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരങ്ങളിൽ പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചിട്ടുള്ളയാളാണ് ഷിജു.