ചെങ്ങന്നൂര്‍: സമ്മിശ്ര കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പു നടത്തി നാടിനു മാതൃകയാവുകയാണ് ഭിന്നശേഷിക്കാരായ ഒരുപറ്റം കുട്ടിക്കര്‍ഷകര്‍. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കൊല്ലക്കടവിലാണ് പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് കാര്‍ഷിക വിപ്ലവം സൃഷ്ടിച്ചു മുന്നേറുന്നഭിന്നശേഷിക്കാരായ കുട്ടിക്കര്ഷകരുള്ളത്. തങ്ങള്‍ക്കു ലഭിക്കുന്ന പിന്തുണയും ഊര്‍ജവും സമാഹരിച്ച് ഇടറുന്ന പാദങ്ങളും തളരുന്ന കരങ്ങളും നിശ്ചയദാര്‍ഢ്യത്തോടെ മണ്ണിലുറപ്പിച്ചു കാര്‍ഷികവൃത്തിയില്‍ വിജയഗാഥ രചിക്കുകയാണിവര്‍.
ഒരു കാലത്ത് രോഗം തളര്‍ത്തിയ ശരീരവും മനസുമായി വീട്ടകങ്ങളിലെ ഇരുളടഞ്ഞ മൂലകളില്‍ തളയ്ക്കപ്പെടാന്‍ വിധിക്കപ്പെട്ട തങ്ങളുടെ മക്കളെയോര്‍ത്ത് ഹൃദയം നുറുങ്ങിയ രക്ഷിതാക്കളുടെ സന്തോഷവും പറഞ്ഞറിയിക്കാനാവില്ല. തങ്ങളുടെ കുറ്റംകൊണ്ടല്ലാതെ ഇന്നലെവരെ ഭിന്നശേഷിക്കാരെന്ന ലേബലില്‍ മാറ്റിനിര്‍ത്തപ്പെട്ടിരുന്ന തങ്ങളുടെ മക്കള്‍ പരിമിതികളെയും പ്രതിസന്ധികളെയും മറികടന്ന് ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്താന് കഴിഞ്ഞതാണ് അവരുടെ കണ്ണുകളിലെ തിളക്കത്തിനു കാരണം.
ചെറിയനാട് പഞ്ചായത്തിലെ കടയിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് എര്‍ത്ത് ട്രസ്റ്റിന്റെ കീഴിലുള്ള മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്റര്‍ നടപ്പിലാക്കിയ വിളവ് -2023 സമ്മിശ്ര കാര്‍ഷിക പദ്ധതിയാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തുണയായത്.മാതൃനാടിന്റെ നന്മ സ്വപ്നം കണ്ടിരുന്ന ആര്‍ദ്രമാനസരായ ഒരു കൂട്ടം പ്രവാസികളുടെ നേതൃത്വത്തിലാണ് ഗുഡ് എര്‍ത്ത് ട്രസ്റ്റും മാത്തുണ്ണി മാത്യൂസ് പരിശീലനകേന്ദ്രവും പ്രവര്‍ത്തിക്കുന്നത്.
ഈ സ്ഥാപനങ്ങള്‍ നടപ്പിലാക്കി വരുന്ന വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലെയും സമീപപ്രദേശത്തെയും ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കര്‍മോത്സുകരാക്കി അവരെ സ്വയംപര്യാപ്തമാക്കുകയുമാണ് വിളവ് – 2023 പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2023 ഏപ്രില്‍ എട്ടിനായിരുന്നു പദ്ധതിക്ക് പ്രാരംഭം കുറിച്ചത്. അന്ന് ഉദ്ഘാടനം നിര്‍വഹിച്ച കൃഷിമന്ത്രി പി. പ്രസാദ് വിതരണം ചെയ്ത വിത്തും വളവുമടങ്ങുന്ന കിറ്റുകള്‍ ഏറ്റുവാങ്ങിയത് ട്രെയിനിംഗ് സെന്ററിലെയും സമീപപ്രദേശത്തെയും നൂറിലേറെ വരുന്ന ഭിന്നശേഷി കുട്ടികളായിരുന്നു. തുടര്‍ന്ന് കൃഷിവിദഗ്ധരടങ്ങുന്ന ടീമിന്റെ നിരന്തര പരിശീലനവും നിര്‍ദേശങ്ങളും അവര്‍ക്ക് ആത്മവിശ്വാസവും കരുത്തും പകരുന്നു.
ഗുഡ് എര്‍ത്ത് ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ കൊല്ലകടവ് കടയ്ക്കാട്ടെ അഞ്ചേക്കറോളം വരുന്ന പുരയിടത്തിനു പുറമെ തങ്ങളുടെ വീട്ടുവളപ്പുകളിലുമായാണ് കുട്ടിക്കര്‍ഷകരുടെ കൃഷിഫാം പ്രവര്‍ത്തിക്കുന്നത്. പയര്‍, പാവല്‍, വെണ്ട, മത്തന്‍, പടവലം, കോവല്‍, ചീര തുടങ്ങി വിവിധയിനം പച്ചക്കറികള്‍ക്കു പുറമെ കപ്പ, വാഴ, പ്ലാവ്, ചീമപ്ലാവ് എന്നിവയുടെ സമൃദ്ധമായ കൃഷിയും വിവിധ ഇനത്തിലുള്ള ആട്, കോഴി, പശു എന്നിവയും ഫാമിലുണ്ട്.
ഫാം പ്രവൃത്തികള്‍ക്കു പുറമെ കുട്ടിക്കര്‍ഷകരുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനുള്ള വിവിധ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും സെന്ററില്‍ സൗകര്യമുണ്ട്. കൃഷിയോടൊപ്പം വായനാ സംസ്കാരത്തെ വളര്‍ത്തുന്നതിനായി കൃഷി ഫാമിനോടുചേര്ന്ന് സജ്ജീകരിച്ചിട്ടുള്ള ഇക്കോ ലൈബ്രറിയുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.
കൃഷിഫാമിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തി മികച്ച 37 കുട്ടിക്കര്‍ഷകരില്‍ തെരഞ്ഞെടുക്കപ്പെട്ട 10 പേര്‍ക്ക് 2023 -ലെ കൃഷി അവാര്‍ഡ് നല്കി അധികൃതര്‍ ആദരിച്ചതും നാടിനഭിമാനമായി.സമൂഹം വിസ്മരിക്കപ്പെട്ട ഒരുപിടി ജന്മങ്ങളെ കര്‍മനിരതരാക്കി സമൂഹത്തിനു മാതൃകയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് നാടിനൊപ്പം ഗുഡ് എര്‍ത്ത് ട്രസ്റ്റിന്റെയും മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്ററിന്റെയും സാരഥികള്‍.
മാത്യു സി. ജോസഫ്