ചാലക്കുടി: കൃഷിയുടെ പുനരുജ്ജീവനത്തിന് ഈ ഒക്ടോബറിൽതന്നെ കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസികളുടെയും സഹായത്തോടെ പുതിയ പദ്ധതി കൊണ്ടുവരുമെന്നും എല്ലാ കൃഷികളേയും നിർബന്ധമായി ഇൻഷ്വറൻസ് പരിധിയിൽ കൊണ്ടുവരുമെന്നും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
ചാലക്കുടി ജൂബിലി മെമ്മോറിയൽ ഹാളിൽ പ്രകൃതിക്ഷോഭ കാർഷിക ദുരിതാശ്വാസത്തിന്റെ ആദ്യഗഡു വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പ്രളയം മൂലം കാർഷിക മേഖലയിലുണ്ടായ നഷ്ടത്തിന്റെ കണക്ക് പൂർണമായെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ മേഖലയിലുണ്ടായ അനന്തര ഫലങ്ങൾകൂടി വിലയിരുത്താൻ കുറച്ചുകൂടി സമയം വേണ്ടിവരും.
ലോകബാങ്കിനു സംസ്ഥാനത്തെ കാർഷിക മേഖലയെക്കുറിച്ചു നല്കിയിരുന്ന നഷ്ടത്തിന്റെ പ്രാഥമിക കണക്ക് 19,000 കോടി രൂപയാണ്. ഇതിൽ തൃശൂർ ജില്ലയിൽ മാത്രം 120 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 58000 ഹെക്ടർ കൃഷി ഭൂമി നശിച്ചു. കുട്ടനാട് പൂർണമായി നശിച്ചു.
വയനാട്, ഇടുക്കി തുടങ്ങിയ മലയോര മേഖലയിൽ വ്യാപകമായ മണ്ണൊലിപ്പും മല വീണ്ടുകീറലുമുണ്ടായി. എങ്കിലും ഏതു സാഹചര്യവും അതിജീവിക്കാനുളള ആത്മവിശ്വാസം കൃഷിക്കാർക്കു വേണമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അവശത അനുഭവിക്കുന്നവർക്കും കൃഷിക്കാർക്കും അവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മോട്ടോർ നഷ്ടപ്പെട്ട കർഷകർക്ക് ഈ വർഷം തന്നെ 10,000 മോട്ടോറുകൾ നൽകും. പച്ചക്കറി കൃഷി ഫലപ്രദമാക്കാൻ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പോലെ മറ്റൊരു പരിപാടി കൊണ്ടുവരും. പുഞ്ച കൃഷിയുടെ സമയത്ത് നെൽകൃഷി അധികമായി ചെയ്യും. മണ്ണു പരിശോധനയും പരിചരണവും ഉറപ്പു വരുത്തും. കാർഷിക സർവകലാശാല, മണ്ണ് സംരക്ഷണ വകുപ്പ് കൂട്ടായി ചേർന്ന് ഈ ആഴ്ച തന്നെ പരിശോധന നടത്തും. സൗജന്യമായി വിത്തും കുമ്മായവും നൽകും
. കൃഷി വകുപ്പും ജലസേചന വകുപ്പും ചേർന്ന് കൃഷിയ്ക്കുള്ള വെള്ളമുൾപ്പെടെയുളള അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കാർഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് ചാലക്കുടിയ്ക്ക് നാലുകോടി തൊണ്ണുറ്റെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അതിൽ 27,56,298 രൂപ ലഭ്യമായിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽനല്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. 149 കർഷകർക്കുളള ആദ്യ ഗഡു തുക അക്കൗണ്ടിലേക്ക് എത്തിയതിന്റെ സ്റ്റേറ്റ്മെന്റ് ഫോറം കൃഷി മന്ത്രി ചടങ്ങിൽ അധ്യക്ഷത വഹിച്ച ബി.ഡി. ദേവസി എംഎൽഎയ്ക്ക് കൈമാറി. മുനിസിപ്പൽ ചെയർപേഴ്സണ് ജയന്തി പ്രവീണ്കുമാർ, വൈസ് ചെയർപേഴ്സണ് വിൽസണ് പാണാട്ടുപറന്പിൽ തുടങ്ങിയവർ സന്നിഹിതരായി.
എഡിഎ എൽസി അഗസ്റ്റിൻ സ്വാഗതവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഗീത ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് കൃഷി വകുപ്പും മണ്ണു സംരക്ഷണ വകുപ്പും ചേർന്ന് കൃഷിഭൂമി വൃത്തിയാക്കി കൃഷിയൊരുക്കുന്ന ചാലക്കുടി കോട്ടാറ്റിൽ മന്ത്രി സന്ദർശിച്ചു. കൃഷി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. എണ്ണൂറോളം കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ കൃഷിഭൂമി വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും.